- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലിക്കേസ്: വിളപ്പിൽ പഞ്ചായത്ത് ഓവർസിയറുടെ ജാമ്യഹർജി 12ന് പരിഗണിക്കും

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ വിളപ്പിൽ പഞ്ചായത്ത് ഓവർസിയറെ തിരുവനന്തപുരം വിജിലൻസ് കോടതി റിമാന്റ് ചെയ്യ്തു. പ്രതിയായ ശ്രീലതയുടെ ജാമ്യഹർജിയിൽ ജൂലൈ 12 ന് വിജിലൻസ് നിലപാടറിയിക്കാൻ വിജിലൻസ് ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടു.
12 ന് പ്രതിയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് ഓൺലൈൻ ഗൂഗിൽ മീറ്റിൽ രാവിലെ 11 മണിക്ക് ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. താൻ നിരപരാധിയാണെന്നും പരാതിക്കാരൻ താൻ ആവശ്യപ്പെടാതെ നോട്ടുകൾ കൈയിൽ തിരുകി വച്ച് കേസിൽ കുടുക്കുകയാണെന്നാണ് ജാമ്യഹർജിയിൽ പറയുന്നത്.
ചട്ടലംഘനമുള്ളതിനാൽ അത് ക്ലിയർ ചെയ്താലേ മൂന്നാം നില കെട്ടിട പെർമിറ്റ് നൽകാൻ അനുകൂല റിപ്പോർട്ട് നൽകാനാവൂവെന്ന് താൻ ശഠിച്ചതിൽ വച്ചുള്ള വിരോധത്താൽ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും ജാമ്യഹർജിയിൽ ബോധിപ്പിച്ചു.
ജൂലൈ 6 നാണ് വിജിലൻസ് കെണിയൊരുക്കി വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഓവർസിയർ ഗ്രേഡ് - 2 ശ്രീലതയെ കൈക്കൂലി ട്രാപ്പ് കേസിൽ അറസ്റ്റ് ചെയ്തത്. കുണ്ടമൺകടവ് സ്വദേശിയിൽ നിന്നും കെണിപ്പണമാ''യ 10,000 രൂപ കൈക്കൂലി വാങ്ങവേയാണ് പതുങ്ങി നിന്ന വിജിലൻസ് സംഘം ഓവർസിയറെ അറസ്റ്റ് ചെയ്തത്. പ്രതി കെണിപ്പണം കൈപ്പറ്റിയെന്ന് പരാതിക്കാരൻ സിഗ്‌നൽ കാട്ടിയ ഉടൻ മറഞ്ഞു നിന്ന വിജിലൻസ് സംഘം ഓടിയെത്തുകയായിരുന്നു.
വിജിലൻസ് സ്റ്റേഷനിൽ വച്ച് എൻട്രസ്റ്റ്‌മെന്റ് മഹസറിൽ വിവരിച്ച് പ്രതി ആവശ്യപ്പെടുമ്പോൾ നൽകണമെന്ന് നിർദ്ദേശിച്ച് പരാതിക്കാരന് ഫിനോഫ്തലിൻ പൊടി തൂകി നൽകിയ അതേ നോട്ടുകൾ പ്രതിയിൽ നിന്നും കണ്ടെടുത്തു. ഓവർസിയറുടെ കൈവിരലുകൾ വിജിലൻസ് കൊണ്ടു ചെന്ന പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറി. ഫിനോഫ്തലിൻ ടെസ്റ്റ് പോസിറ്റീവായതോടെ കെണിപ്പണം പ്രതി കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിയുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത ശേഷം തൊണ്ടിപ്പണം സഹിതം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു..


