- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: പ്രതികളെയും കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. കൃത്യത്തിനുപയോഗിച്ച വാളുകളും സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം സിബിഐ ജഡ്ജി കെ. സനിൽകുമാർ മുമ്പാകെ നടക്കുന്ന വിചാരണയിലാണ് രണ്ടാം സാക്ഷിയും കൊല്ലപ്പെട്ട രാമഭദ്രന്റെ ജ്യേഷ്ഠ പുത്രനുമായ ഷിബു നിർണ്ണായക മൊഴി നൽകിയത്. കൃത്യത്തിൽ പങ്കെടുത്ത പ്രതികളും പിന്നീട് മാപ്പുസാക്ഷികളുമായ ഷിബുവും ശ്രീകുമാറും പ്രതിക്കൂട്ടിലില്ലെന്നും സാക്ഷിമൊഴി നൽകി.
കോടതിയിൽ പ്രതിക്കൂട്ടിൽ നിന്ന പ്രതികളെല്ലാം വെള്ള ഷർട്ടും വെള്ള മുണ്ടും വെള്ളമാസ്‌കുമാണ് ധരിച്ചിരുന്നത്. സാക്ഷികൾ തങ്ങളെ തിരിച്ചറിഞ്ഞ് മൊഴി നൽകാതിരിക്കാനാണ് അപ്രകാരം ഒരേ വസ്ത്രത്തിൽ വന്നത്. 2010 ഏപ്രിൽ 10 ന് രാത്രി 9 മണിക്കാണ് സംഭവം നടന്നത്. താൻ വീട്ടിലേക്ക് ചെല്ലുമ്പോൾ പ്രതികൾ ജീപ്പ് സ്റ്റാർട്ടാക്കി നിർത്തിയിരുന്നു.
മൂന്നു നാലു പേർ വാളുകളുമായി ഓടി വന്ന് ' അവന്റെ കാര്യം കഴിഞ്ഞെടാ '' എന്ന് ആക്രോശിച്ച് ജീപ്പിൽ കയറി. തന്റെ നേരെ വാൾ വീശി. രാമഭദ്രന്റെ കഴുത്തിൽ വെട്ടുകത്തി വച്ച് അരിഞ്ഞുകളയുമെടീ എന്നാക്രോശിച്ചു കൊണ്ട് കോണോത്ത് ഭാഗത്തേക്ക് പോയി. വാളുകൾ വ്യക്തമായി കാണാൻ സാധിച്ചത് ഇലക്ട്രിക് പോസ്റ്റിലും റേഷൻ കടയുടെ മുന്നിലും പ്രകാശന്റെ വീട്ടിലും ലൈറ്റ് ഉണ്ടായിരുന്നതിനാലാണ്.
ജീപ്പിൽ 10 ഓളം പേരുണ്ടായിരുന്നു. തുടർന്ന് രാമഭദ്രനെ ആദ്യം അഞ്ചൽ മിഷൻ ആശുപത്രിയിലേയ്ക്കും അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. 11 ന് പുലർച്ചെ മരിച്ചു. താൻ ഏലുർ പൊലീസ് സ്റ്റേഷനിൽ മൊഴി കൊടുത്തു. താൻ പറഞ്ഞത് എസ് ഐ എഴുതിയെടുത്തു. എന്നാൽ ഒന്നുമെഴുതാത്ത വേറെ ബ്ലാങ്ക് പേപ്പറുകളിലാണ് തന്നെക്കൊണ്ട് ഒപ്പിടുവിച്ചത്. ഏലൂർ എസ് ഐ , അഞ്ചൽ സി ഐ , ക്രൈംബ്രാഞ്ച് എന്നിവരുടെ അന്വേഷണം കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്തുന്ന രീതിയിലായതിനാൽ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് സിബിഐക്ക് അന്വേഷണം കൈമാറിയത്.
ജൂലൈ ഒന്നിനാരംഭിച്ച വിചാരണ 16 വരെയാണ് കോടതി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രേഖകളും തൊണ്ടിമുതലുകളുമായി 192 എണ്ണമുണ്ട്. 206 സാക്ഷികളും 10 മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വിചാരണ ത്വരിതപ്പെടുത്താൻ കോടതി ഉത്തരവിട്ടത്.
സുപ്രീം കോടതി 2021 ൽ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശ പ്രകാരം പ്രോസിക്യൂട്ടർമാരുടെ ക്ലസ്റ്റർ രൂപീകരിക്കാനും സിബിഐ എസ്‌പി യോട് സി ബി ഐ ജഡ്ജി ഉത്തരവിട്ടു. കേസിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടർക്ക് വിചാരണക്ക് ഹാജരാകാൻ അസൗകര്യമുണ്ടായാൽ വിചാരണ തടസ്സപ്പെടാതിരിക്കാനാണ് ഇപ്രകാരമുള്ള നിർദ്ദേശം സുപ്രീം കോടതി രാജ്യത്തെ വിചാരണ കോടതികൾക്ക് നൽകിയത്.


