കണ്ണൂർ : പ്ലാസ്റ്റിക് നിരോധനത്തെ തുടർന്ന് കടുത്ത പരിശോധനയുമായി കണ്ണൂർ കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി എടക്കാട്, തോട്ടട, കണ്ണൂർ, താഴെ ചൊവ്വ, മേലെ ചൊവ്വ ഭാഗങ്ങളിൽ കർശന പരിശോധനയാണ് ആരോഗ്യ വിഭാഗം നടപ്പിലാക്കിയത്.

പ്ലാസ്റ്റിക് നിരോധനവുമായി രംഗത്തേക്ക് വന്നപ്പോൾ എല്ലാവരും പഴയ രീതിയിലേക്ക് പോവുകയാണ്. തൊട്ടട, എടക്കാട് പ്രദേശങ്ങളിലെ മീൻകടകളിൽ ഇപ്പോൾ പ്ലാസ്റ്റിക് കവറുകൾക്ക് പകരം പഴയ രീതിയിൽ ഇലയിൽ പൊതിഞ്ഞാണ് മീനുകളും മറ്റു സാധനങ്ങളും നൽകി വരുന്നത്.

ആദ്യം മത്സ്യം ഇലകളിൽ പൊതിഞ്ഞ ശേഷം പേപ്പറിൽ പൊതിഞ്ഞ് ആവശ്യക്കാർക്ക് നൽകും. ഇതോടെ പൊതിയാലും മറ്റ് ആവശ്യങ്ങൾക്കുമായി പത്രങ്ങൾക്ക് ഡിമാൻഡ് ഏറിയിരിക്കുകയാണ്. ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ കെ സി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ ബി എന്നിവരാണ് ഈ പ്രദേശങ്ങളിൽ പരിശോധന നടത്തുന്നത്.

പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരെ കണ്ടുപിടിച്ച് ശക്തമായ ഫൈൻ അടക്കാനാണ് തീരുമാനം. ആദ്യഘട്ടം എന്ന രീതിയിൽ ആളുകളെ പറഞ്ഞു മനസ്സിലാക്കിയശേഷം വീണ്ടും ഇത് ആവർത്തിച്ചാൽ ഫൈൻ നൽകും. പ്ലാസ്റ്റിക് നിരോധനം പൂർണമാക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് പരിശോധന ഇപ്പോൾ കർശനമാക്കിയിരിക്കുന്നത്.

എന്നാൽ ബിസ്‌ക്കറ്റുകളും, പാലും, ചായപ്പൊടിയും, മറ്റു പാക്കറ്റ് സാധനങ്ങളും ഇപ്പോഴും പ്ലാസ്റ്റിക്കിൽ ലഭ്യമായി കൊണ്ടിരിക്കെ സാധാരണക്കാർക്ക് എതിരെ മാത്രമാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നുള്ള ശക്തമായ വിമർശനവും ഉയർന്നു വന്നിട്ടുണ്ട്. കോർപ്പറേറ്റുകൾക്ക് ഒരു നിയമം സാധാരണക്കാർക്ക് മറ്റൊരു നിയമം എന്നുള്ള രീതിയിലാണ് കാര്യങ്ങൾ എന്നാണ് ജനങ്ങളുടെ വിമർശനം.