- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് വർഷത്തിനിടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 95 ശതമാനവും പാലിച്ചു; അവകാശവാദവുമായി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി
ഗുണ്ടൂർ: 2019 നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ 95 ശതമാനം വാഗ്ദാനങ്ങളും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ നിറവേറ്റിയെന്ന അവകാശവാദവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി. യുവജന ശ്രമിക കർഷക കോൺഗ്രസ് പാർട്ടിയുടെ ദ്വിദിന സമ്മേളനത്തെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വ്യാപന സമയത്തും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ 13 വർഷമായി പാർട്ടിക്ക് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നെങ്കിലും മൂന്നു വർഷം മുമ്പ് വൻ വിജയം നേടി വൈ.എസ്.ആർ. കോൺഗ്രസ് അധികാരത്തിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വികസനം, ക്ഷേമം, സാമൂഹിക നീതി എന്നിവ കൊണ്ടു വരാൻ പാർട്ടിയെയും സർക്കാരിനെയും പ്രേരിപ്പിച്ചത് ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ അനുഗ്രഹമാണ്. പാർട്ടിക്ക് പിന്നിൽ ശക്തമായ നെടും തൂണായി ജനങ്ങൾ ഉറച്ചു നിന്നത് 2019ലെ വൻ വിജയത്തിലേക്ക് നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പ്രകടന പത്രികയിൽ നൽകിയ 95 ശതമാനം വാഗ്ദാനങ്ങളും ജാതി, മത വിവേചനമില്ലാതെ ഞങ്ങൾ നിറവേറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് മാറ്റവും വികസനവും കൊണ്ടുവന്നത് ഞങ്ങളുടെ സർക്കാരാണ്'- ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.




