ഹൈദരാബാദ് : പാചകവാതക വിലവർധനവിനെതിരെ തെലങ്കാനയിൽ വീട്ടമ്മമാരായ സ്ത്രീകൾ അടക്കം പ്രതിഷേധവുമായി രംഗത്ത് . ഗ്യാസ് സിലിണ്ടർ വീടിന് പുറത്തിറക്കിവച്ച് തവി കൊണ്ട് സിലിണ്ടറിൽ അടിച്ചായിരുന്നു പ്രതിഷേധം. ഗ്യാസ് സിലിണ്ടർ തലയിൽ ചുമന്ന് ഹൈദരാബാദിൽ വീട്ടമ്മമാർ പ്രതിഷേധിച്ചു. ടിആർഎസ് തുടങ്ങിവച്ച പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായിരിക്കുന്നത്. വീട്ടമ്മമാരുടെ നേതൃത്വത്തിലാണ് തെലങ്കാനയിൽ ഇപ്പോഴത്തെ പ്രതിഷേധം.

ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് വീട്ടമ്മമാർ പരാതിപ്പെട്ടു. ഇനിയും വില കൂടിയാൽ ഗ്യാസ് ഉപേക്ഷിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ഇവർ ചൂണ്ടികാട്ടുന്നു. അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് വരും ദിവസങ്ങളിൽ നടത്തുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. 50 രൂപ കൂടി കൂട്ടിയതോടെ ഗാർഹിക സിലിണ്ടറിന് 1060 രൂപയും വാണിജ്യ സിലിണ്ടറിന് 2027 രൂപയുമാണ്. രണ്ട് മാസത്തിനിടെ മൂന്ന് തവണയാണ് വില ഉയർന്നത്.