സിഡ്‌നി: ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ കിരീടം നിലനിർത്തുക എന്നത് ഓസിസ് ടീമിന് കനത്ത വെല്ലുവിളിയാണെന്നും ടീമിലെ സീനിയർ താരങ്ങൾ ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റ് മതിയാക്കിയേക്കുമെന്നും നായകൻ ആരോൺ ഫിഞ്ച്. ലോകകപ്പിനുശേഷം താനുൾപ്പെടെ ടീമിലെ ഏതാനും സീനിയർ താരങ്ങൾ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്നാണ് ഫിഞ്ച് പറയുന്നത്.

സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കിരീടം നിലനിർത്താനാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് കഴിഞ്ഞ ലോകകപ്പിൽ സെമിയിൽ പാക്കിസ്ഥാനെതിരെ ഓസ്‌ട്രേലിയയുടെ ഹീറോ ആയ മാത്യു വെയ്ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിനുശേഷം താനുൾപ്പെടെ ടീമിലെ മുതിർന്ന താരങ്ങൾ ടി20 ക്രിക്കറ്റ് മതിയാക്കുമെന്ന് ഫിഞ്ച് ഓസ്‌ട്രേലിയൻ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

30കളുടെ മധ്യത്തിലെത്തിയ പലതാരങ്ങളും ടി20 ക്രിക്കറ്റ് മതിയാക്കുമെന്ന് പറഞ്ഞ ഫിഞ്ച് പക്ഷെ ഡേവിഡ് വാർണർ ഇനിയും ഒരു പത്തുവർഷം കൂടി കളിക്കുമെന്നും വ്യക്തമാക്കി. വാർണറുടെ കളിയോടുള്ള അഭിനിവേശത്തിലും കായികക്ഷമതയിലും കുറവൊന്നും വന്നില്ലെങ്കിൽ പത്തുവർഷം കൂടി വാർണറെ കാണാം.

ഈ വർഷം ടി20 ലോകകപ്പ് കിരീടം നിലിനിർത്തുക എന്നത് കനത്ത വെല്ലുവിളിയാണെന്നും ഫിഞ്ച് പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ അഞ്ചിൽ നാലു കളികൾ ജയിച്ചിട്ടും ദക്ഷിണാഫ്രിക്ക നെറ്റ് റൺറേറ്റിന്റെ പേരിൽ സെമിയിൽ പോലും എത്താതെ പുറത്തായത് ടി20 ലോകകപ്പിൽ ഓരോ ടീമും നേരിടുന്ന വെല്ലുവിളിക്ക് ഉദാഹരണമാണെന്നും ഫിഞ്ച് പറഞ്ഞു.