ന്യൂഡൽഹി: അമർനാഥ് പ്രളയത്തിൽ മരണം പതിനാറായി. കാണാതായ 41 തീർത്ഥാടകരിൽ ചിലരെ രക്ഷപ്പെടുത്തിയതായി സിആർപിഎഫ് അറിയിച്ചു. തീർത്ഥ യാത്ര ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പുനരാംരഭിക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷ പങ്കുവയ്ക്കുന്നത്.

വിവിധ സേന വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പ്രളയമുണ്ടായ അമർനാഥ് ക്ഷേത്രത്തിന് സമീപം തെരച്ചിൽ നടക്കുന്നത്. കാണാതായ തീർത്ഥാടകരിൽ ചിലരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ വ്യോമ മാർഗം ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ 35 പേർ ഇന്ന് ആശുപത്രി വിട്ടു.

പതിനേഴ് പേർ കൂടി ഉടൻ ആശുപത്രി വിടും. പരിക്കേറ്റവരെ ജമ്മുകശ്മീർ ലെഫ് ഗവർണർ മനോജ് സിൻഹ ആശുപത്രിയിൽ എത്തി കണ്ടു. മണ്ണിനടിയിൽ പുതഞ്ഞുപോയ രണ്ട് പേരെ രക്ഷാപ്രവർത്തകർക്ക് ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സാഹചര്യം മെച്ചപ്പെട്ടതിനാൽ അമർനാഥ് തീർത്ഥാടനം രണ്ടോ മൂന്നോ ദിവത്തിനുള്ളിൽ തുടങ്ങാനാകുമെന്ന് സി ആർ പി എഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ് അറിയിച്ചു.

പ്രളയമുണ്ടായതിന് പിന്നാലെ പുറത്ത് കടക്കാൻ വലിയ തിരക്കുണ്ടായെങ്കിലും രക്ഷാപ്രവർത്തകരുടെ സഹായം ലഭിച്ചതായി രക്ഷപ്പെട്ടവർ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷണം വേണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. അപകടരമായ സ്ഥലത്ത് ടെന്റുകൾ അനുവദിക്കപ്പെട്ടതിൽ അന്വേഷണം വേണം. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായ ധനം പ്രഖ്യാപിക്കണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഇതിനിടെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡിലെ കേദാർനാഥ് യാത്രയും നിർത്തിവെച്ചു.