- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയിൽ ആഭ്യന്തരകലാപം അതിരൂക്ഷം; പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു; രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അധികാരമൊഴിയുന്നുവെന്ന് ട്വീറ്റ്; സർവ്വകക്ഷി സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യം; ഗോതബായ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്
കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായതോടെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് രാജിപ്രഖ്യാപനം. ട്വിറ്റർ വഴിയാണ് പ്രഖ്യാപനം. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുമെന്നും അതിനായി താൻ രാജിവെക്കുന്നു എന്നുമാണ് റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.
സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതുമുട്ടിയ രാജ്യത്ത് ഇന്ന് ജനകീയ കലാപം നടന്നിരുന്നു. ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ വസതി വിട്ടോടി. നാലേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന പ്രെസിഡെന്റ്‌സ് പാലസ് പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ ദേശീയ പതാക ഉയർത്തി.
പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും ഇന്ന് കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിൽ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു. സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല.
ഇരച്ചെത്തിയ പ്രക്ഷോഭകർ ഗോത്തബയ രജപക്‌സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങി. സൈന്യം റബർ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാൻ ശ്രമിച്ചത് വിഫലമായി.
അൻപതോളം പേർക്ക് പരിക്കേറ്റു. ചിലയിടങ്ങളിൽ സൈന്യവും പൊലീസും ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ അണിചേർന്നു. ഗേറ്റും വാതിലും തകർത്ത സമരക്കാർ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കയറി. പിന്നെ ലോകം കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. പ്രസിന്റിന്റെ ഔദ്യോഗിക വസതിയിലെ നീന്തൽ കുളത്തിലും മുറികളിലും അടുക്കളയിലും വരെ ജനങ്ങൾ തോന്നിയതൊക്കെ ചെയ്തു കൂട്ടി.
സമരക്കാർ എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപുതന്നെ പ്രസിഡന്റ് ഗോത്തബയ രജപക്‌സെ അംഗരക്ഷകരുടെ കാവലിൽ ഔദ്യോഗിക വസതി വിട്ടിരുന്നു. ലങ്കൻ നാവിക സേനയുടെ ഒരു കപ്പൽ ചില ബാഗുകൾ കയറ്റി അതിവേഗം കൊളംബോ തീരം വിട്ട ദൃശ്യങ്ങൾ പുറത്തുവന്നു. ആരാണ് ഈ കപ്പലിൽ രാജ്യം വിട്ടത് എന്ന് വ്യക്തമല്ല. ഈ കപ്പലിൽ ആണ് ഗോതബയ ഉള്ളതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
എസ്എൽഎൻഎസ് സിന്ദുരല, എസ്എൽഎൻഎസ് ഗജബാഹു എന്നീ കപ്പലുകളിൽ കയറിയ സംഘങ്ങൾ തീരം വിട്ടതായി കൊളംബോ തുറമുഖ അധികൃതർ അറിയിച്ചതായി ന്യൂസ് 1 ചാനൽ റിപ്പോർട്ട് ചെയ്തു. കപ്പലുകളിൽ കയറി യാത്രയായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നു. രാജപക്സെ വെള്ളിയാഴ്ച രാത്രി തന്നെ വസതിയിൽ നിന്ന് സേനാ ആസ്ഥാനത്തേക്ക് നീങ്ങിയതായി സർക്കാരിന്റെ ഉന്നതവൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
പ്രസിഡന്റിന്റേതെന്ന് തോന്നിക്കുന്ന വാഹനവ്യൂഹം പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ രാജപക്സെ പലായനം ചെയ്തതെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിസന്നദ്ധത അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഒരു സൈനിക കപ്പലിൽ ഇരുന്നാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകർ കൈയടക്കുന്നതിന് മുമ്പേ അദ്ദേഹം രാജ്യം വിട്ടതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സൈനിക കപ്പലിൽ ലങ്കൻ തീരത്തുതന്നെയുള്ള പ്രസിഡന്റ് നിലവിലെ കലുഷിതമായ സാഹചര്യം മാറിയാൽ മാത്രമേ കൊളംമ്പോയിലേക്ക് തിരിച്ചെത്തുകയുള്ളുവെന്നാണ് റിപ്പോർട്ടുകൾ.
പ്രസിഡന്റിന്റെ ഔദ്യോഗികവസതിയിൽ പ്രക്ഷോഭകരുടെ ആഹ്ളാദാഘോഷങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസതിയിലെ നീന്തൽക്കുളത്തിൽ ജനങ്ങൾ കൂട്ടത്തോടെ നീന്തിത്തുടിക്കുന്നതും പ്രസിഡന്റിന്റെ കിടപ്പറയിലും അടുക്കളയിലും ജനങ്ങൾ കടന്നതും വീഡിയോകളിൽ കാണാം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ട്. ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള കായികതാരങ്ങളും പ്രക്ഷോഭത്തിൽ പങ്കാളികളാണ്.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ലങ്കയിൽ പ്രക്ഷോഭം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പ്രക്ഷോഭം കനത്തതോടെ മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോതബായ പ്രസിഡന്റായി തുടരുകയായിരുന്നു. സ്വന്തം പാർട്ടിയിൽനിന്നുതന്നെ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് മുറവിളി ഉയർന്നിട്ടുണ്ട്. 15 ഓളം എംപിമാർ പ്രസിഡന്റിനെതിരേ രംഗത്തെത്തി. പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തൽസ്ഥാനത്തുനിന്ന് മാറി പുതിയ ഭരണസംവിധാനം വരണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ന്യൂസ് ഡെസ്ക്