- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടെസ്റ്റിൽ അശ്വിനെ ബെഞ്ചിലിരുത്താമെങ്കിൽ ടി20 ലോകകപ്പിൽ നിന്ന് കോലിയെയും ഒഴിവാക്കാം; യുവതാരങ്ങൾ കോലിയെ പിന്തള്ളട്ടെ; ഫോമിലുള്ള കളിക്കാരെയാണ് കളിപ്പിക്കേണ്ടത്; തുറന്നടിച്ച് കപിൽ ദേവ്

ന്യുഡൽഹി: ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിരാട് കോലിയെ ഒഴിവാക്കുന്നതിൽ തെറ്റില്ലെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റിലും അശ്വിനെ ബെഞ്ചിലിരുത്താമെങ്കിൽ മോശം ഫോമിലുള്ള കോലിയെ എന്തുകൊണ്ട് ടി20 ലോകകപ്പിൽ പുറത്തിരുത്തിക്കൂടാ എന്നും കപിൽ എബിപി ന്യൂസിനോട് ചോദിച്ചു.
ടെസ്റ്റ് മത്സരങ്ങളിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ബെഞ്ചിലിരുത്താമെങ്കിൽ ട്വന്റി20യിൽ കോലിയെ എന്തുകൊണ്ട് ഒഴിവാക്കിക്കൂടായെന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ ചോദ്യം. 'ടി20 കളിക്കുന്ന പതിനൊന്നിൽ നിന്ന് കോലിയെ ബെഞ്ചിലിരുത്താൻ നിർബന്ധിതമാക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ലോക ഒന്നാം നമ്പർ ബോളർ അശ്വിനെ ടെസ്റ്റിൽനിന്ന് പുറത്താക്കിയാൽ ലോക ഒന്നാം നമ്പർ ബാറ്ററെയും പുറത്താക്കാം.' കപിൽ ദേവ് അഭിമുഖത്തിൽ പറഞ്ഞു.
ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരനായ അശ്വിനെ പുറത്തിരുത്താമെങ്കിൽ ഒന്നാം നമ്പർ ബാറ്ററായ കോലിയെയും പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തിരുത്താവുന്നതാണ്. നിലവിലെ സാഹചര്യം അതാണ്. കാരണം, മുൻവർഷങ്ങളിൽ ബാറ്റുചെയ്തപോലെയല്ല കോലിയുടെ ഇപ്പോഴത്തെ ബാറ്റിങ്. മികച്ച പ്രകടനങ്ങളുടെ പേരിലാണ് കോലി ഒന്നാം നമ്പർ ബാറ്ററായത്. പക്ഷെ ഇപ്പോൾ പഴയ കോലിയെ കാണാനില്ല.
യുവതാരങ്ങൾ തുടർച്ചയായി മികവ് കാട്ടുമ്പോൾ അവരെ ഏറെക്കാലം പുറത്തിരുത്താനാവില്ല. ടീമിലെ സ്ഥാനത്തിനായുള്ള ഈ മത്സരം നല്ലതാണ്. മികച്ച പ്രകടനങ്ങളിലൂടെ യുവതാരങ്ങൾ കോലിയെ പിന്തള്ളട്ടെ. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് കോലിക്ക് വിശ്രമം അനുവദിച്ചു എന്നാണ് പറയുന്നത്. എന്നാൽ ഒഴിവാക്കി എന്നും പറയാം. ചിലർ വിശ്രമം എന്നും മറ്റു ചിലർ വിശ്രമം എന്നും പറയുന്നു എന്നേയുള്ളു
സെലക്ടർമാർ അദ്ദേഹത്തെ ടീമിലെടുത്തില്ല എന്നതിനർത്ഥം അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നില്ല എന്നതുതന്നെയാണ്. ഒരുപാട് താരങ്ങളുള്ളപ്പോൾ ഫോമിലുള്ള കളിക്കാരെയാണ് കളിപ്പിക്കേണ്ടത്. ടീമിലെ സ്ഥിര കളിക്കാരനായി എന്നതിനർത്ഥം തുടർച്ചയായി അഞ്ച് കളിയിൽ മികവ് കാട്ടിയില്ലെങ്കിലും സ്ഥാനം കിട്ടുമെന്നല്ലെന്നും കപിൽ പറഞ്ഞു.
നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിലാകണം പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കേണ്ടതെന്നും അല്ലാതെ പണ്ട് എങ്ങനെ കളിച്ചിരുന്നു എന്നത് അടിസ്ഥാനമാക്കിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്നു വർഷമായി കോലി ഒരു സെഞ്ചറി പോലും നേടിയിട്ടില്ലെന്നു മാത്രമല്ല, ബാറ്റിങ്ങിൽ മൊത്തത്തിൽ ഫോം നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. ഈ വർഷത്തെ ഐപിഎൽ സീസണിൽ 16 ഇന്നിങ്‌സുകളിൽനിന്നായി 115.98 സ്ട്രൈക്ക് റേറ്റിൽ 341 റൺസ് മാത്രമാണ് കോലി നേടിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ 11, 20 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോർ. മാത്രമല്ല, കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പിനുശേഷം രണ്ടു ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് കോലി കളിച്ചത്.
ഈ മാസം നടക്കാനിരിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ച താരങ്ങളിൽ കോലിയുമുണ്ട്. വ്യാഴാഴ്ച, ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20യിലും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചു. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ കോലിക്കു വിശ്രമം അനുവദിച്ചാൽ അത് അദ്ദേഹം ടീമിൽനിന്നു പുറത്തായതായി കണക്കാക്കാമെന്ന് കപിൽ പറഞ്ഞു.


