എജ്ബാസ്റ്റൺ: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 171 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസ് എടുത്തത്. ഒരു ഘട്ടത്തിൽ ഇരുന്നൂറിനപ്പുറം കടക്കുമെന്ന തരത്തിലുള്ള മികച്ച തുടക്കം ലഭിച്ച ശേഷം മധ്യ ഓവറുകളിൽ ഇന്ത്യ തകരുകയായിരുന്നു. 29 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 46 റൺസോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

ടീമിലെ പരീക്ഷണം തുടർന്നാണ് രണ്ടാം മത്സരത്തിലും ഇന്ത്യ കളത്തിലിറങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഇത്തവണ ഓപ്പണറായെത്തിയത് ഋഷഭ് പന്ത്. ഇരുവരും ചേർന്ന് മികച്ച തുടക്കം തന്നെ ടീമിന് സമ്മാനിച്ചു. 29 പന്തിൽ നിന്ന് 49 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 20 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 31 റൺസെടുത്ത രോഹിത്തിനെ മടക്കി റിച്ചാർഡ് ഗ്ലീസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

രാജ്യാന്തര ടി20യിൽ 300 ഫോറുകൾ തികയ്ക്കുന്ന രണ്ടാമത്തെയും ആദ്യ ഇന്ത്യൻ താരവുമെന്ന നേട്ടത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെത്തി. മത്സരത്തിന് ഇറങ്ങുമ്പോൾ 298 ഫോറുകളുണ്ടായിരുന്ന രോഹിത് മൂന്ന് ബൗണ്ടറികളോടെ തന്റെ സമ്പാദ്യം 301 ഫോറുകളാക്കി. അയർലൻഡിന്റെ പോൾ സ്റ്റിർലിങ് മാത്രമാണ് മുമ്പ് രാജ്യാന്തര ടി20യിൽ 300 ഫോറുകൾ പിന്നിട്ടിട്ടുള്ളൂ. സ്റ്റിർലിംഗിന് 325 ബൗണ്ടറികളാണുള്ളത്.

അതേസമയം 300 ഫോറുകൾ തികയ്ക്കാനുള്ള അവസരം ഇന്ത്യൻ മുൻ നായകൻ വിരാട് കോലി പാഴാക്കി. രോഹിത്തിനൊപ്പം 298 ഫോറുകളുമായി കളത്തിലെത്തിയ കിങ് കോലി ഒരു റൺ മാത്രമെടുത്ത് മടങ്ങിയതോടെയാണിത്. രാജ്യാന്തര ടി20യിൽ കൂടുതൽ ഫോറുകൾ നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് കോലി. 287 ബൗണ്ടറികളുമായി ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലാണ് നാലാം സ്ഥാനത്ത്.

മൂന്ന് പന്തിൽ നിന്ന് ഒരു റൺ മാത്രമെടുത്ത കോലി, ഗ്ലീസന്റെ പന്തിൽ ഡേവിഡ് മലാന്റെ തകർപ്പൻ ക്യാച്ചിലാണ് പുറത്തായത്. എന്നാൽ നന്നായി ബാറ്റ് ചെയ്യുകയായിരുന്ന ഋഷഭ് പന്ത് ഗ്ലീസന്റെ തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. 15 പന്തിൽ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 26 റൺസെടുത്താണ് പന്ത് മടങ്ങിയത്.

അധികം വൈകാതെ സൂര്യകുമാർ യാദവിനെയും ഹാർദിക് പാണ്ഡ്യയേയും മടക്കി ക്രിസ് ജോർദാൻ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 11 പന്തിൽ നിന്ന് 15 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. പിന്നാലെ 15 പന്തിൽ നിന്ന് 12 റൺസെടുത്ത് ഹാർദിക്കും മടങ്ങിയതോടെ ഒരു ഘട്ടത്തിൽ 4.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 49 റൺസെന്ന നിലയിലായിരുന്ന ഇന്ത്യ, 10.4 ഓവറിൽ അഞ്ചിന് 89 റൺസെന്ന നിലയിലേക്ക് വീണു.

പിന്നാലെ ദിനേഷ് കാർത്തിക്കും രവീന്ദ്ര ജഡേജയും ചേർന്ന് ടീമിനെ കരകയറ്റാൻ ശ്രമിക്കുന്നതിനിടെ 16-ാം ഓവറിൽ കാർത്തിക്ക് റണ്ണൗട്ടായി. 17 പന്തിൽ നിന്ന് 12 റൺസ് മാത്രമാണ് കാർത്തിക്കിന് നേടാനായത്. ഹർഷൽ പട്ടേൽ (13), ഭുവനേശ്വർ കുമാർ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ നാലും റിച്ചാർഡ് ഗ്ലീസൺ മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി.

നേരത്തെ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവർ തിരിച്ചെത്തിയപ്പോൾ. ഇഷാൻ കിഷൻ, ദീപക് ഹൂഡ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർക്ക് സ്ഥാനം നഷ്ടമായി.