ബർമ്മിങാം: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 49 റൺസിനാണ് ആതിഥേയരെ ഇന്ത്യ കീഴടക്കിയത്. 171 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 17 ഓവറിൽ 121 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ, മൂന്നു മൽസരങ്ങളുള്ള പരമ്പര (2 - 0) ഇന്ത്യ സ്വന്തമാക്കി. സ്‌കോർ: ഇന്ത്യ 20 ഓവറിൽ170/8. ഇംഗ്ലണ്ട്: 17 ഓവറിൽ 121.

ബാറ്റിങ്ങിലും ബോളിങ്ങിലും കാണിച്ച മികവാണ് ഇത്തവണ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ഭുവന്വേശ്വർ കുമാർ, രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹൽ, ഒരു വിക്കറ്റു വീതം വീഴ്‌ത്തി ഹാർദിക് പാണ്ഡ്യ, ഹർഷൽ പട്ടേൽ എന്നിവർ തിളങ്ങി. ശേഷിക്കുന്ന മത്സരം ഞായറാഴ്ച ട്രെൻഡ് ബ്രിഡ്ജിൽ നടക്കും.

ജോസ് ബട്‌ലർ, ജേസൻ റോയ്, ഡേവിഡ് മലാൻ, ലിയാം ലിവിങ്സ്റ്റൺ, മൊയീൻ അലി, ഏത് ടീമും കൊതിക്കുന്ന ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെയും ബാസ്‌ബോൾ ശൈലിയെയും പൂർണമായും അപ്രസക്തമാക്കുകയായിരുന്നു പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെയും ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. ആദ്യ ടി20 50 റണ്ണിനും രണ്ടാമത്തേത് 49 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ടി20 ലോകകപ്പിന് മുമ്പ് രോഹിത് ശർമ്മയ്ക്കും സംഘത്തിനും ഇരട്ട ഊർജം നൽകുന്ന വിജയം.

171 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ആദ്യ പന്തിൽ തന്നെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണർ ജേസൺ റോയിയെ (0) ഭുവനേശ്വർ കുമാർ രോഹിത് ശർമയുടെ കൈയിലെത്തിച്ചു. പിന്നാലെ മൂന്നാം ഓവറിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലറെയും (4) മടക്കിയ ഭുവി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.

തുടർന്ന് ക്രീസിലെത്തിയപാടെ തകർത്തടിച്ച് തുടങ്ങിയ ലിയാം ലിവിങ്സ്റ്റന്റെ ഈഴമായിരുന്നു. ജസ്പ്രീത് ബുംറയുടെ ഓഫ്കട്ടറിൽ മറുപടിയില്ലാതായിപ്പോയ ലിവിങ്സ്റ്റന്റെ വിക്കറ്റുമായി പന്ത് പറന്നു. ഒമ്പത് പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 15 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ശേഷം കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഹാരി ബ്രൂക്കിനെ (8) യുസ്വേന്ദ്ര ചാഹൽ, സൂര്യകുമാർ യാദവിന്റെ കൈയിലെത്തിച്ചു. പത്താം ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മലാനെയും ചാഹൽ മടക്കിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 55 എന്ന നിലയിലേക്ക് വീണു. 25 പന്തിൽ നിന്ന് 19 റൺസ് മാത്രമാണ് മലാന് നേടാനായത്.

21 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 35 റൺസെടുത്ത മോയിൻ അലി ഒറ്റയ്ക്ക് പൊരുതി നോക്കിയെങ്കിലും 15-ാം ഓവറിൽ അലിയെ മടക്കി ഹാർദിക് ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും ഇല്ലാതാക്കി. 22 പന്തിൽ നിന്ന് 33 റൺസെടുത്ത ഡേവിഡ് വില്ലി പുറത്താകാതെ നിന്നു. സാം കറൻ (2), ക്രിസ് ജോർദാൻ (1), റിച്ചാർഡ് ഗ്ലീസൺ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തിരുന്നു. 29 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 46 റൺസോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

ടീമിലെ പരീക്ഷണം തുടർന്നാണ് രണ്ടാം മത്സരത്തിലും ഇന്ത്യ കളത്തിലിറങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഇത്തവണ ഓപ്പണറായെത്തിയത് ഋഷഭ് പന്ത്. ഇരുവരും ചേർന്ന് മികച്ച തുടക്കം തന്നെ ടീമിന് സമ്മാനിച്ചു. 29 പന്തിൽ നിന്ന് 49 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 20 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 31 റൺസെടുത്ത രോഹിത്തിനെ മടക്കി റിച്ചാർഡ് ഗ്ലീസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ കോലി ഇത്തവണയും നിരാശപ്പെടുത്തി. മൂന്ന് പന്തിൽ നിന്ന് ഒരു റൺ മാത്രമെടുത്ത കോലി, ഗ്ലീസന്റെ പന്തിൽ ഡേവിഡ് മലാന്റെ തകർപ്പൻ ക്യാച്ചിലാണ് പുറത്തായത്. എന്നാൽ നന്നായി ബാറ്റ് ചെയ്യുകയായിരുന്ന ഋഷഭ് പന്ത് ഗ്ലീസന്റെ തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. 15 പന്തിൽ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 26 റൺസെടുത്താണ് പന്ത് മടങ്ങിയത്.

അധികം വൈകാതെ സൂര്യകുമാർ യാദവിനെയും ഹാർദിക് പാണ്ഡ്യയേയും മടക്കി ക്രിസ് ജോർദാൻ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 11 പന്തിൽ നിന്ന് 15 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. പിന്നാലെ 15 പന്തിൽ നിന്ന് 12 റൺസെടുത്ത് ഹാർദിക്കും മടങ്ങിയതോടെ ഒരു ഘട്ടത്തിൽ 4.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 49 റൺസെന്ന നിലയിലായിരുന്ന ഇന്ത്യ, 10.4 ഓവറിൽ അഞ്ചിന് 89 റൺസെന്ന നിലയിലേക്ക് വീണു.

പിന്നാലെ ദിനേഷ് കാർത്തിക്കും രവീന്ദ്ര ജഡേജയും ചേർന്ന് ടീമിനെ കരകയറ്റാൻ ശ്രമിക്കുന്നതിനിടെ 16-ാം ഓവറിൽ കാർത്തിക്ക് റണ്ണൗട്ടായി. 17 പന്തിൽ നിന്ന് 12 റൺസ് മാത്രമാണ് കാർത്തിക്കിന് നേടാനായത്. ഹർഷൽ പട്ടേൽ (13), ഭുവനേശ്വർ കുമാർ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നാലു മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. വിരാട് കോലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവർ പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തി. ദീപക് ഹൂഡയ്ക്കു പകരം കോലിയും ഇഷാൻ കിഷനു പകരം പന്തും പ്ലേയിങ് ഇലവനിലെത്തിയപ്പോൾ ജഡേജയ്ക്കും ബുമ്രയ്ക്കുമായി യഥാക്രമം അക്ഷർ പട്ടേലും അർഷ്ദീപ് സിങ്ങും ടീമിനു പുറത്തായി. റീസ് ടോപ്ലെ, ടെയ്മാൽ മിൽസ് എന്നിവർക്കു പകരം ഡേവിഡ് വില്ലി, റിച്ചാഡ് ഗ്ലീസൻ എന്നിവർ ഇംഗ്ലണ്ട് ടീമിലേക്കു മടങ്ങിയെത്തി.