കൊളംബോ: ജനകീയ പ്രതിഷേധം ഭയന്ന് ഒളിച്ചോടിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിൽ പ്രക്ഷോഭകർ ഇപ്പോഴും തുടരുന്നതായി റിപ്പോർട്ട്. ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ഞായറാഴ്ചയും പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെയും പ്രധാനമന്ത്രി വിക്രമസിംഗെയുടെയും വസതികൾ കയ്യടക്കിയിരിക്കുകയാണ്.

ദശലക്ഷക്കണക്കിന് ശ്രീലങ്കൻ രൂപ ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിൽ കണ്ടെടുത്തെന്ന അവകാശവാദവുമായി പ്രക്ഷോഭകർ രംഗത്തെത്തി. കണ്ടെടുത്ത നോട്ടുകൾ പ്രതിഷേധക്കാർ എണ്ണുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. പണം സുരക്ഷാ വിഭാഗങ്ങൾക്ക് കൈമാറിയെന്ന് പ്രാദേശികമാധ്യമമായ ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ചയാണ് പ്രസിഡന്റ് രാജപക്സെ രാജിവെക്കണമെന്ന ആവശ്യവുമായി കൊളംബോയിൽ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ ഔദ്യോഗികവസതി സർക്കാർവിരുദ്ധ പ്രക്ഷോഭകർ കയ്യേറിയത്. മാസങ്ങളായി രാജ്യംനേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധനക്ഷാമവുമാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടത്.

പൊലീസ് ബാരിക്കേഡുകൾ തകർത്തെറിഞ്ഞ് പ്രതിഷേധക്കാർ ഇരമ്പിയാർക്കുകയായിരുന്നു. അതേസമയം, പ്രതിഷേധത്തേക്കുറിച്ച് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചതിനാൽ രാജപക്സെയെ വെള്ളിയാഴ്ച തന്നെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. അതേസമയം, രാജപക്സെ രാജ്യംവിട്ടെന്നും സൂചനകളുണ്ട്.

പ്രതിഷേധക്കാർ നഗരത്തിലേക്ക് ഇരച്ചുകയറിയത് മുതൽ രാജപക്‌സെയുടെ പുറത്തുള്ള ഏക ആശയവിനിമയം പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബേവർധനയുമായി മാത്രമായിരുന്നു. പ്രസിഡന്റ് ബുധനാഴ്ച രാജിവെക്കുമെന്ന് ശനിയാഴ്ച രാത്രി വൈകി സ്പീക്കർ പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ച വൈകുന്നേരം നടന്ന നേതാക്കളുടെ സർവകക്ഷി യോഗത്തിന് ശേഷം രാജി ആവശ്യപ്പെട്ട് അബേവർധന അദ്ദേഹത്തിന് കത്തെഴുതിയതിനെ തുടർന്നാണ് രാജിവെക്കാനുള്ള തീരുമാനം പ്രസിഡന്റ് രാജപക്‌സെ സ്പീക്കറെ അറിയിച്ചത്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും അഭാവത്തിൽ സ്പീക്കർ ആക്ടിങ് പ്രസിഡന്റാകും. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ തിരഞ്ഞെടുപ്പ് നടക്കണം. പ്രധാനമന്ത്രി വിക്രമസിംഗെയും രാജി സന്നദ്ധത അറിയിച്ചിരുന്നു.

്അതിനിടെ പ്രധാനമന്ത്രി വിക്രമസിംഗെയുടെ സ്വകാര്യ വസതി ഇന്നലെ രാത്രി പ്രതിഷേധക്കാർ തീയിട്ടു. വിക്രമസിംഗെ രാജി സന്നദ്ധത പ്രകടിപ്പിച്ചതിന് ശേഷമാണ് വീടിന് നേരെ അക്രമമുണ്ടായത്. ''ഈ രാജ്യം ഇന്ധനത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും പിടിയിലാണ്. ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ സൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും പണക്ഷാമമുള്ള രാജ്യത്ത് ഐഎംഎഫ് പിന്തുണയുള്ള പരിപാടിയിൽ ചർച്ച പുനരാരംഭിക്കുന്നതിനായി രാഷ്ട്രീയ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നും ഐഎംഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രശ്നം രൂക്ഷമാകുന്നതിനിടെ പ്രതിരോധ മേധാവി ജനറൽ ശിവേന്ദ്ര സിൽവ ജനങ്ങൾ ശാന്തത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു രംഗത്തെത്തി. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാനുള്ള അവസരം ഇപ്പോൾ ലഭ്യമാണെന്നും സമാധാനവും സ്ഥിരതയും നിലനിർത്താൻ പൊതുജനങ്ങൾ സുരക്ഷാ സേനയെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 102 പേരെ പരിക്കുകളോടെ പ്രവേശിപ്പിച്ചതായി കൊളംബോ ദേശീയ ആശുപത്രി അറിയിച്ചു. ഇവരിൽ 11 മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ തങ്ങളുടെ ഘടകകക്ഷികൾ ഇന്ന് രാവിലെ യോഗം ചേരുമെന്ന് മുഖ്യ പ്രതിപക്ഷമായ എസ്ജെബി പറഞ്ഞു. കുറഞ്ഞത് നാല് കാബിനറ്റ് മന്ത്രിമാരെങ്കിലും രാജി സന്നദ്ധത അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഞായറാഴ്ച ലഭിക്കേണ്ട വളം കിട്ടിയാൽ ഉടൻ രാജിവെക്കുമെന്ന് കൃഷി മന്ത്രി മഹിന്ദ അമരവീര പറഞ്ഞു.

പ്രസിഡന്റിന്റെ വസതിയിൽ കടന്ന പ്രതിഷേധക്കാർ അവിടെയുണ്ടായിരുന്ന പിയാനോ വായിച്ച് പാട്ടുപാടുന്നതിന്റെ വീഡിയോയും പുറത്തെത്തി. പ്രസിഡന്റിന്റെ വസതിയുടെ വളപ്പിൽ അതീവസുരക്ഷാ ബങ്കറും പ്രതിഷേധക്കാർ കണ്ടെത്തി. രാജപക്സെയുടെ ആഡംബരവാഹനങ്ങളുടേതെന്ന് കരുതുന്ന, സ്ഥിരീകരിക്കാത്ത വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാർ നീന്തൽക്കുളത്തിൽ ഉല്ലസിക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തെത്തിയിരുന്നു.

മെയ് മാസത്തിൽ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ജ്യേഷ്ഠനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെക്ക് സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് രാജിവെച്ചിരുന്നു. എൽ.ടി.ടി.ഇക്കെതിരായ ആഭ്യന്തരയുദ്ധത്തിൽ വിജയിച്ചതിന് ശ്രീലങ്കയിലെ പലരും രാജപക്‌സെ സഹോദരന്മാരായ മഹിന്ദയെയും ഗോതാബയയെയും വീരപുരുഷന്മാരായി വാഴ്‌ത്തിയിരുന്നുവെങ്കിലും രാജ്യത്തിന്റെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് ഇപ്പോൾ അവരെയാണ് കുറ്റപ്പെടുത്തുന്നത്.

ഒരു ദശാബ്ദത്തിലേറെയായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന ശക്തമായ കുടുംബത്തിന്റെ കൃപയിൽ നിന്നുള്ള നാടകീയമായ വീഴ്ചയാണ് പ്രസിഡന്റ് രാജപക്‌സെയുടെ ബുധനാഴ്ചത്തെ പുറത്തുകടക്കലും മെയ് മാസത്തിൽ മഹീന്ദ രാജപക്‌സെയുടെ പ്രധാനമന്ത്രി സ്ഥാനമൊഴിയലും. 22 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്ക, അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ദ്വീപ് രാഷ്ട്രം. വിദേശനാണ്യത്തിന്റെ രൂക്ഷമായ ക്ഷാമം മൂലം അവശ്യ ഇന്ധനത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി പണം നൽകാൻ കഴിയാത്ത സ്ഥിതിയാണ്.