- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവശ്യസാധനങ്ങളുടെ വിലവർധന: ശിവന്റെ വേഷത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ച യുവാവ് അറസ്റ്റിൽ
ഗുവഹാത്തി: അവശ്യസാധനങ്ങളുടെ വിലവർധനവിനെതിരെ അസമിൽ ശിവന്റെ വേഷം അണിഞ്ഞ് പ്രതിഷേധിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവന്റെ വേഷം ധരിച്ചായിരുന്നു ബിരിഞ്ചി ബോറ എന്ന യുവാവിന്റെ പരിഹാസരൂപേണയുള്ള പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ശനിയാഴ്ച നഗാവിലായിരുന്നു യുവാവിന്റെ പ്രതിഷേധം. പാർവതിയുടെ വേഷമിട്ട സഹഅഭിനേത്രി പരിഷ്മിതയോടൊപ്പം ശിവന്റെ വേഷഭാവങ്ങളോടെ ബൈക്കിലെത്തിയ ബിരിഞ്ചി ബൈക്ക് നിർത്തി പെട്രോൾ തീർന്നതായി അഭിനയിച്ചു കൊണ്ട് മോദി സർക്കാരിന് കീഴിൽ ഇന്ധനവില കുതിച്ചുയർന്നതിനെതിരെ പ്രതിഷേധിക്കാൻ ആരംഭിച്ചു.
തുടർന്ന് ശിവനും പാർവതിയും തമ്മിലുള്ള കലഹത്തിന്റെ രൂപത്തിൽ കേന്ദ്രസർക്കാരിനെതിരെയും വിലവർധനവിനെതിരെയും ബിരിഞ്ചി ശബ്ദമുയർത്തുകയും വിലവർധനവിനെതിരെ പ്രതികരിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇരുവരുടേയും പ്രതിഷേധത്തിന് കാണികളേറുകയും പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
സംഭവത്തിനെതിരെ വിശ്വഹിന്ദു പരിഷദ്, ബജ്രംഗ് ദൾ തുടങ്ങിയ മതസംഘടനകൾ രംഗത്തെത്തുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതായും മതത്തെ ദുരുപയോഗപ്പെടുത്തിയതായും ചൂണ്ടിക്കാട്ടി ബിരിഞ്ചിക്കെതിരെ സംഘടനകൾ പരാതി നൽകി. പരാതി ലഭിച്ചതിനെ തുടർന്ന് നഗാവ് സദർ പൊലീസ് ബിരിഞ്ചിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ യുവാവിനെ വിട്ടയച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.




