മഡ്ഗാവ്: സംസ്ഥാനത്ത് തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഗോവയിലെ ഏഴ് കോൺഗ്രസ് എംഎൽഎമാർ പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നത് ബിജെപിയിൽ ചേക്കേറാൻ ലക്ഷ്യമിട്ടെന്ന് സൂചന. ഇവർ ബിജെപിയുമായി സമ്പർക്കത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ ഉൾപ്പെയുള്ള എംഎൽഎമാരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. എന്നാൽ യോഗത്തിനെത്തിത്തിയില്ലെങ്കിലും എംഎൽഎമാർ പാർട്ടിക്കൊപ്പമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. അടിയന്തര യോഗത്തിൽ നാല് എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്്.

അതേസമയം പുറത്ത് വരുന്ന വാർത്തകൾ തെറ്റാണെന്നും എല്ലാത്തിനും പിന്നിൽ ബിജെപിയാണെന്നും പിസിസി അധ്യക്ഷൻ അമിത് പട്കർ ആരോപിച്ചു. എംഎൽഎമാരെ ഭീഷണിപ്പെടുത്താനും വേട്ടയാടാനും ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു.

ഗോവയിൽ നിൽവിൽ കോൺഗ്രസിന് 11 എംഎൽഎമാരാണ് ഉള്ളത്. ബിജെപിക്ക് 20 സീറ്റാണ് നിലവിൽ ഉള്ളത്. എംഎൽഎമാർ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹത്തെ തുടർന്നാണ് കോൺഗ്രസ് അടിയന്തരയോഗം വിളിച്ചത്. അതിനിടെ ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുമുണ്ട്.