കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ കൊട്ടാരവും ഓഫിസും 'ടൂറിസ്റ്റ് സ്‌പോട്ട്' ആക്കി മാറ്റി പ്രക്ഷോഭകരുടെ ആഘോഷം. പ്രതിഷേധക്കാർ കൊട്ടാരത്തിലെ ആഡംബര സൗകര്യങ്ങൾ ആഘോഷിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു.

കൊട്ടാരത്തിൽ ഒരുക്കിയിരിക്കുന്ന ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിന്റെയും മുറികളിൽ വിശ്രമിക്കുന്നതിന്റെയും അടുക്കളയിൽ കയറി ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. പ്രതിഷേധക്കാർ കൊട്ടാരത്തിനുള്ളിലെ പിയാനോ വായിച്ചു പാട്ടുപാടുന്നതിന്റെയും ആഡംബര കാറുകളുടെ വൻ ശേഖരത്തിനു മുന്നിൽ സെൽഫി എടുക്കുന്നതിന്റെയും വിഡിയോയുമുണ്ട്. കൊട്ടാരവളപ്പിലെ സ്വിമ്മിങ് പൂളിൽ ജനങ്ങൾ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.

സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യം വലയുന്നതിനിടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ വൻ പണംശേഖരം കണ്ടെത്തിയെന്നും പ്രക്ഷോഭകർ അവകാശപ്പെട്ടു. സമൂഹമാധ്യമത്തിലെ ഒരു വിഡിയോയിൽ, പ്രതിഷേധക്കാർ കറൻസി നോട്ടുകൾ എണ്ണുന്നത് കാണാം.

ശ്രീലങ്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കണ്ടെത്തിയ പണം സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി പറയപ്പെടുന്നുവെന്ന് ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായും ഡെയ്‌ലി മിററിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഏകദേശം 17.8 ദശലക്ഷം ശ്രീലങ്കൻ രൂപയാണു കണ്ടെടുത്തതെന്നാണ് വിവരം. ഇവ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറിയതായി ശ്രീലങ്കൻ ദിനപത്രമായ ഡെയ്ലി മിറർ റിപ്പോർട്ടു ചെയ്തു. കൊട്ടാരവളപ്പിൽ അതിസുരക്ഷാ ബങ്കറും പ്രതിഷേധക്കാർ കണ്ടെത്തി.

ശനിയാഴ്ചയാണ് 'രാജ്യമൊന്നാകെ കൊളംബോയിലേക്ക്' എന്നു പേരിട്ട ബഹുജന കൂട്ടായ്മ ആഹ്വാനം ചെയ്ത റാലിയിൽ പങ്കെടുത്ത പതിനായിരങ്ങൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തത്. അതീവസുരക്ഷയുള്ള ഫോർട്ട് മേഖലയിലെ പൊലീസ് ബാരിക്കേഡുകൾ അടക്കമുള്ള തടസ്സങ്ങൾ മറികടന്നു മുന്നേറിയ ജനക്കൂട്ടം മണിക്കൂറുകളോളം പ്രസിഡന്റിന്റെ കൊട്ടാരം വളയുകയും തുടർന്ന് ഉള്ളിൽ പ്രവേശിക്കുകയുമായിരുന്നു.

രാജപക്‌സെ രാജ്യം വിട്ടെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധങ്ങളെ തുടർന്നു രാജിവച്ച പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കു പ്രക്ഷോഭകർ തീയിട്ടു. വാഹനങ്ങൾ നശിപ്പിച്ചു. ബുധനാഴ്ച രാജിവയ്ക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ. തന്നെ അറിയിച്ചതായി സ്പീക്കർ മഹിന്ദ അഭിവർധന അറിയിച്ചു.

ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രസിഡന്റ് ഗോതബയ രാജപക്‌സയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം, പ്രസിഡന്റ് എവിടെയാണെന്നതിനെ കുറിച്ച് ആർക്കും വിവരമില്ല. പ്രസിഡന്റ് ബുധനാഴ്ച രാജിവെക്കുമെന്ന് സ്പീക്കർ മഹിന്ദ യപ അഭയ്‌വർധന ശനിയാഴ്ച അർധരരാത്രിയോടെ പ്രഖ്യാപിച്ചിരുന്നു.