- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയിൽ സർക്കാർ രൂപീകരണത്തിന് നീക്കം; പിരിഞ്ഞുപോകാതെ രണ്ടര ലക്ഷത്തോളം പ്രക്ഷോഭകർ; നിലവിൽ അഭയാർഥി പ്രതിസന്ധിയില്ല; സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ
കൊളംബോ: ജനകീയ പ്രക്ഷോഭത്തിൽ വിറങ്ങലിച്ച ശ്രീലങ്കയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നീക്കവുമായി നേതാക്കൾ. പ്രധാനമന്ത്രിയും പ്രസിഡന്റും രാജി കത്ത് നൽകിയാൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പാർലമെന്റ് ചേർന്നേക്കും. സ്പീക്കർ മഹിന്ദ അബേയവർധനെ ഒരു മാസത്തേയ്ക്ക് താത്കാലിക പ്രസിഡന്റായി അധികാരമേൽക്കും. ഒരു മാസത്തിനു ശേഷം എല്ലാ പാർട്ടികൾക്കും പ്രാതിനിധ്യമുള്ള സർക്കാരിനെയും പുതിയ പ്രസിഡന്റിനേയും തെരഞ്ഞെടുക്കും എന്നുമാണു ഇപ്പോഴത്തെ ധാരണ.
പുതിയ മന്ത്രിസഭയ്ക്ക് വഴിയൊരുക്കാനായി നിരവധി മന്ത്രിമാർ ഇന്ന് രാജിവച്ചു. രാജ്യത്ത് ഇന്ധന, പാചകവാതക വിതരണം പുനരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. അതേ സമയം രണ്ടു ദിവസമായിട്ടും പിരിഞ്ഞു പോകാൻ തയാറാകാതെ സമരക്കാർ കൊളംബോയിൽ തുടരുകയാണ്. പ്രസിഡന്റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ സമാധാനപരമായി പിരിഞ്ഞു പോകണമെന്ന് പ്രക്ഷോഭകരോട് സൈനിക മേധാവി അഭ്യർത്ഥിച്ചു. ഇപ്പോഴത്തെ സ്പീക്കർ മഹിന്ദ അബേയവർധനെ ലങ്കയുടെ താത്കാലിക പ്രസിഡന്റായി ഈ ആഴ്ച തന്നെ അധികാരമേൽക്കും.
രണ്ടു ദിവസമായിട്ടും പിരിഞ്ഞു പോകാൻ തയ്യാറാവാതെ കൊളംബോ നഗരത്തിൽ തുടരുകയാണ് രണ്ടര ലക്ഷത്തോളം പ്രക്ഷോഭകർ. പ്രസിഡന്റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിക്കുകയും പുതിയ സർവകക്ഷി സർക്കാരിനായി ചർച്ചകൾ തുടങ്ങുകയും ചെയ്‌തെങ്കിലും ഇനിയും പ്രതിഷേധം അടങ്ങിയിട്ടില്ല. ഇനി പ്രശ്‌നം ഉണ്ടാക്കാതെ പിരിഞ്ഞു പോകണമെന്ന് സമരക്കാരോട് സംയുക്ത സൈനിക മേധാവി ജനറൽ ഷാവേന്ദ്ര ഡിസിൽവ അഭ്യർത്ഥിച്ചു.
അടുത്ത കുറച്ചു ദിവസത്തേയ്ക്ക് വേണ്ട ഇന്ധനവും ധന്യങ്ങളും തുറമുഖത്ത് എത്തിയതായും സർക്കാർ വക്താവ് പറഞ്ഞു. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച 67 തമിഴ് വംശജ്ഞരെ തടഞ്ഞു തിരിച്ചയച്ചതായി ലങ്കൻ നാവികസേന അറിയിച്ചു. ലങ്കയിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അന്താരാഷ്ട്ര വായ്പയ്ക്കുള്ള ചർച്ചകൾ പുനരാരംഭിക്കാൻ കഴിയുമെന്നും ഐഎംഎഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധന ക്ഷാമവും രൂക്ഷമായ ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടപെടില്ല. എന്നാൽ മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. എല്ലാക്കാലത്തും ശ്രീലങ്കയ്ക്ക് ഒപ്പം നിലകൊണ്ട രാജ്യമാണ് ഇന്ത്യ. എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും നിലവിൽ അവിടെ നിന്നുള്ള അഭയാർഥി കുടിയേറ്റ പ്രതിസന്ധിയില്ലെന്നും കേരളത്തിലെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഭക്ഷണ സാമാഗ്രികൾ, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോനകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണ മൂന്ന് ബില്യൺ ഡോളറിന്റെ സഹായം ശ്രീലങ്കയ്ക്ക് നൽകിയിരുന്നു. ശ്രീലങ്കയുമായി ഇന്ത്യക്കുള്ളത് നല്ല ബന്ധമാണെന്നും, അത് അങ്ങനെ തന്നെ തുടരുമെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി.
ഇപ്പോഴത്തെ അവസ്ഥ മറികടക്കാൻ ശ്രീലങ്കൻ സമൂഹം ശ്രമിക്കുന്നുണ്ട്. അയൽക്കാരുടെ മോശം അവസ്ഥയിൽ അവരെ സഹായിക്കുകയെന്നതും ഒപ്പം നിൽക്കുകയുമാണ് ഇന്ത്യയുടെ നയം. ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കാൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചുള്ള ശ്രീലങ്കയുടെ നീക്കത്തോടും ഇന്ത്യ അനുകൂല പ്രതികരണമാണ് നടത്തിയത്.
ഇതിനോടകം ഇന്ത്യ 350 കോടി ഡോളറിന്റെ സഹായം ശ്രീലങ്കയ്ക്ക് നൽകിയതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യൻ ജനതയും കേന്ദ്ര സർക്കാരും 25 ടൺ അവശ്യ മരുന്നുകളുൾപ്പെടെ വിതരണം ചെയ്തിരുന്നു. ഇന്ത്യ കൈമാറിയ 350 കോടി ഡോളർ സഹായത്തിന് പുറമേയാണിത്. അരി, പാൽപ്പൊടി, മണ്ണെണ്ണ തുടങ്ങിയ ദൈനന്തിന ഉപയോഗത്തിനുള്ള സാധനങ്ങളും ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു.
അഭയാർത്ഥി പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തമിഴ്‌നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേനയുടേതടക്കം റിപ്പോർട്ടുള്ളത്. അതേസമയം സ്ഥിതിഗതികൾ വഷളാകുന്നത് ഇന്ത്യയേയും സമ്മർദ്ദത്തിലാക്കും. സാമ്പത്തിക സഹായ ശക്തിയായി ചൈന എത്താനുള്ള സാധ്യതയും, ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വിമത ശക്തികൾക്ക് ആയുധം നൽകി ഇന്ത്യക്കെതിരെ തിരിക്കാൻ വിദേശ ശക്തികൾ ഇടപെടുമോയെന്നും വിദേശകാര്യ മന്ത്രാലയവും, സുരക്ഷാ ഏജൻസികളും നിരീക്ഷിച്ച് വരികയാണ്.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ വൻ ജനകീയപ്രക്ഷോഭമാണ് നടക്കുന്നത്. 24 മണിക്കൂർ കഴിഞ്ഞിട്ടും പിരിഞ്ഞുപോകാൻ തയ്യാറാവാതെ രണ്ടര ലക്ഷത്തോളം പ്രക്ഷോഭകർ കൊളംബോയിൽ തുടരുകയാണ്.
ഗോത്തബയ രജപക്സെയുടെ വസതിയിൽ നിന്ന് പ്രക്ഷോഭകർ ലക്ഷക്കണക്കിന് രൂപയുടെ കറൻസി ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇത് സമരക്കാർ പൊലീസിന് കൈമാറിയതായി ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ പ്രക്ഷോഭകർക്ക് നേരെ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ വെടിവെപ്പിന്റെയും മർദ്ദനത്തിന്റെയും കൂടുതൽ ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നു.
ന്യൂസ് ഡെസ്ക്