- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന റിയാസ് അട്ടർ എസ് ഡി പി ഐ അംഗം; ആക്രമണം നടത്തിയത് പരിശീലനം ലഭിച്ചവർ; അമരാവതിയിലെയും ഉദയ്പുരിലെയും കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പൊലീസ്
ന്യൂഡൽഹി: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ സമൂഹമാധ്യമത്തിൽ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരിൽ അമരാവതിയിലും ഉദയ്പുരിലും രണ്ട് പേരെ കൊലപ്പെടുത്തിയ പ്രതികൾക്ക് എസ് ഡി പി ഐ ബന്ധമെന്ന് പൊലീസ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) ഭാഗമായ എസ്ഡിപിഐയുമായി പ്രതികൾക്കു ബന്ധമുണ്ടെന്നാണു പൊലീസ് പറയുന്നത്. ഐഎസ് മോഡൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം.
ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാലും അമരാവതിയിൽ മരുന്നുകട ഉടമ ഉമേഷ് കോൽഹെയുമാണു കഴിഞ്ഞ ദിവസങ്ങളിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നിൽ പരിശീലനം ലഭിച്ചവരാണെന്നു നേരത്തേ പൊലീസ് സൂചിപ്പിച്ചിരുന്നു. ഇതിനിടെയിലാണു പ്രതികളുടെ പിഎഫ്‌ഐ എസ്ഡിപിഐ ബന്ധം പുറത്തുവരുന്നത്. കനയ്യ ലാലിന്റെ മരണത്തിൽ ഏഴാം പ്രതി ഫർഹാദ് മുഹമ്മദ് ഷെയ്ഖ് എന്ന ബബ്ലയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 20ന് നൂപുർ ശർമയ്‌ക്കെതിരെ പോപ്പുലർ ഫ്രണ്ടിന്റെ റാലി നടന്ന ശേഷമായിരുന്നു കനയ്യ ലാലിന്റെ വധമുണ്ടായത്.
കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന കേസിലെ മുഖ്യപ്രതി റിയാസ് അട്ടർ 2019ൽ എസ്ഡിപിഐയിൽ ചേർന്നെന്നു പൊലീസ് പറയുന്നു. ഇയാൾ സംഘടനയിലെ സജീവ അംഗവുമായിരുന്നു. ബബ്ലയും തനിക്കു പിഎഫ്‌ഐ എസ്ഡിപിഐ ബന്ധമുണ്ടായിരുന്നെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അന്വേഷണ സംഘങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട കനയ്യ ലാലിനും ഉമേഷ് കോൽഹെയ്ക്കും ഭീഷണി ഉണ്ടായിരുന്നതായും പൊലീസ് വേണ്ടവിധത്തിൽ പ്രതികരിച്ചില്ലെന്നും ആരോപണമുണ്ട്.
പ്രതികളുടെ ഫോണും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും പരിശോധിച്ചാൽ മാത്രമേ കേസിലെ അന്താരാഷ്ട്ര ബന്ധങ്ങൾ കണ്ടെത്താനാവൂ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നൂപുർ ശർമ്മയ്ക്കെതിരായി നടത്തിയ റാലിക്ക് ശേഷമാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്.
ജൂൺ 28 ന് തയ്യൽക്കാരനായ കനയ്യ ലാലിനെയാണ് പ്രതികൾ പട്ടാപ്പകൽ കഴുത്തറുത്തുകൊലപ്പെടുത്തിയത്.തുടർന്ന് കൊലപാതകം ക്യാമറയിൽ പകർത്തുകയും വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു.
രണ്ടു കൊലപാതകത്തിനും സാദൃശ്യങ്ങൾ ഏറെയാണെന്നും പരസ്പരം ബന്ധമുണ്ടെന്നും ആരോപിച്ചു ബിജെപി രംഗത്തെത്തിയിരുന്നു. ഉമേഷ് കോൽഹെ വധക്കേസിൽ പ്രധാന പ്രതി ഇർഫാൻ ഖാനെയും മറ്റൊരു പ്രതി യൂസുഫ് ഖാനെയും കൂടി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇർഫാൻ ഖാനാണ് ഉമേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവർക്ക് ഇയാൾ പണവും സുരക്ഷിത താവളവും വാഗ്ദാനം ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്