ന്യൂഡൽഹി: ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതിയുമായി നേപ്പാൾ. ആദ്യമായാണ് നേപ്പാളിൽനിന്ന് ഇന്ത്യ സിമന്റ് ഇറക്കുമതി ചെയ്യുന്നത്. 22 മില്യൺ ടൺ സിമന്റാണ് നേപ്പാളിന്റെ ഉത്പാദനക്ഷമത. പൽപ സിമന്റ് ഇൻഡസ്ട്രീസിൽ നിന്നുള്ളതാൻസെൻ ബ്രാൻഡാണ് ഇന്ത്യയിലെത്തുന്നത്.കയറ്റുമതിക്ക് തുടക്കം കുറിച്ചുകൊണ്ട് നവൽപരസി ജില്ലയിൽ പൽപ സിമന്റ് ഇൻഡസ്ട്രീസ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.

ആദ്യദിനത്തിൽ 3000 ചാക്ക് സിമന്റ് ഇന്ത്യയിലേക്ക് അയച്ചതായും ദിനംപ്രതിയുള്ള ആവശ്യകത അനുസരിച്ച് ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ചെയ്യുമെന്നും പൽപ സിമന്റ് ഇൻഡസ്ട്രീസ് പിആർഒ ജീവൻ നിരുവാല അറിയിച്ചു.

നേപ്പാളിൽ നിന്നുള്ള അസംസ്‌കൃതവസ്തുക്കൾ ഉപയോഗപ്പെടുത്തി സിമന്റ് നിർമ്മിക്കുന്ന കമ്പനികൾക്ക് കയറ്റുമതി തീരുവയിൽ എട്ട് ശതമാനം കിഴിവ് നൽകുമെന്ന് വാർഷികബജറ്റിൽ നേപ്പാൾ സർക്കാർ അറിയിച്ചിരുന്നു.

സിമന്റ് നിർമ്മാണത്തിൽ നേപ്പാൾ സ്വയംപര്യാപ്തത നേടിയതിനെ വ്യവസായ പ്രമുഖർ സ്വാഗതം ചെയ്തു. ഏകദേശം അമ്പതോളം സിമന്റ് നിർമ്മാണകമ്പനികളാണ് നേപ്പാളിൽ പ്രവർത്തിക്കുന്നത്. ഇതിൽ പൽപ ഉൾപ്പെടെ 15 കമ്പനികൾ സിമന്റും ക്ലിങ്കറും നിർമ്മിക്കുന്നുണ്ട്.

നേപ്പാളിൽ നിന്നുള്ള സിമന്റിന് വിലയുടെ കാര്യത്തിൽ ഇന്ത്യൻ മാർക്കറ്റിൽ കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്.സിമന്റിന്റെ കയറ്റുമതിയിലൂടെ നേപ്പാളിന് ഇന്ത്യയുമായുള്ള വ്യാപാരക്കമ്മിയിൽ 15 ശതമാനം കുറവുണ്ടാകുമെന്ന് പൽപ സിമന്റ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശേഖർ അഗർവാൾ പറഞ്ഞു. നിലവിൽ ദിനംപ്രതി 1,800 ടൺ സിമന്റും 800 ടൺ ക്ലിങ്കറുമാണ് പൽപ സിമന്റ് ഉത്പാദിപ്പിക്കുന്നത്.കമ്പനിയുടെ ഉത്പാദനക്ഷമത 3,000 ടണ്ണാണ്.