വാഷിങ്ടൺ: തന്റെ സൗദി സന്ദർശനത്തെ ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. തന്റെ തീരുമാനത്തോട് വിയോജിക്കുന്ന നിരവധി പേരുണ്ടെന്ന് അറിയാമെന്നും എന്നാൽ മനുഷ്യാവകാശങ്ങൾ എപ്പോഴും തന്റെ അജണ്ടയിലുണ്ടായിരിക്കുമെന്നും ബൈഡൻ വ്യക്തമാക്കി. അടുത്തയാഴ്ച സൗദി സന്ദർശിക്കാനിരിക്കെയാണ് പ്രതികരണവുമായി പ്രസിഡന്റ് രംഗത്തെത്തിയത്.

''സൗദി അറേബ്യ സന്ദർശിക്കാനുള്ള എന്റെ തീരുമാനത്തോട് വിയോജിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. മനുഷ്യാവകാശങ്ങൾക്ക് മേലുള്ള എന്റെ കാഴ്ചപ്പാടുകൾ വ്യക്തവും സുദീർഘവുമാണ്. എപ്പോഴും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ മൗലിക സ്വാതന്ത്ര്യങ്ങൾ എന്റെ അജണ്ടയിലുണ്ടാകും. യു.എസ് സൈന്യം അവിടെ ദൗത്യത്തിൽ ഏർപ്പെടാതിരിക്കെ, 9/11 അറ്റാക്കിന് ശേഷം മിഡിൽ ഈസ്റ്റ് സന്ദർശിക്കുന്ന ആദ്യത്തെ പ്രസിഡന്റാണ് ഞാൻ,'' ജോ ബൈഡൻ പറഞ്ഞു.

സൗദി സന്ദർശനത്തിനിടെ സൽമാൻ രാജാവുമായും അദ്ദേഹത്തിന്റെ ലീഡർഷിപ് ടീമുമായും ബൈഡൻ ബൈലാറ്ററൽ ചർച്ച നടത്തും. സൗദിയുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ബന്ധങ്ങൾ പുതുക്കുക, അതിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ് ബൈഡന്റെ സന്ദർശനത്തിന്റെ ഉദ്ദേശം.

സൗദി സന്ദർശനത്തിനിടെ ഒരുമിച്ച് മീറ്റിങ്ങിൽ പങ്കെടുക്കും എന്നതിനപ്പുറം മുഹമ്മദ് ബിൻ സൽമാനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തില്ല എന്ന് ബൈഡൻ നേരത്തെ പറഞ്ഞിരുന്നു. എം.ബി.എസുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജൂലൈ 13 മുതൽ 16 വരെയുള്ള തീയതികളിലാണ് ബൈഡൻ സൗദി അറേബ്യയും ഇസ്രഈലും സന്ദർശിക്കുന്നത്. പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ഗൾഫ് സന്ദർശനമാണിത്.

ഇസ്രയേൽ സന്ദർശനത്തിനൊപ്പം ഫലസ്തീനിയൻ അഥോറിറ്റിയുമായും ബൈഡൻ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. സൗദി സന്ദർശനത്തിന് മുമ്പ് ജൂലൈ 14, 15 തീയതികളിലായി ബൈഡൻ ഫലസ്തീനിയൻ അഥോറിറ്റി സന്ദർശിക്കാനാണ് സാധ്യത. അതോടൊപ്പം ജി.സി.സി, ജോർദാനിയൻ, ഈജിപ്ഷ്യൻ നേതാക്കളുമായും ബൈഡൻ കൂടിക്കാഴ്ച നടത്തിയേക്കും.

അതേസമയം ബൈഡന്റെ സൗദി സന്ദർശനത്തെ വിമർശിച്ചും പ്രതിഷേധിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ജിയുടെ വധവും അതിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുള്ള പങ്കും ചൂണ്ടിക്കാണിച്ചാണ് വിവിധ മനുഷ്യാവകാശ സംഘടനകൾ ബൈഡന്റെ സന്ദർശനത്തെ വിമർശിച്ചത്.