ദെഹ്റാദൂൺ: റോപ്പ് വേ തകരാറിലായതിനെ ഉത്തരാഖണ്ഡിൽ ബിജെപി എംഎൽഎ കിഷോർ ഉപാധ്യായ ഉൾപ്പെടെ 60 പേർ കേബിൾ കാറിൽ കുടുങ്ങി. തെഹ്റി ജില്ലയിലെ സുർകന്ദ ദേവി ക്ഷേത്രത്തിന് സമീപമുള്ള കേബിൾ കാറാണ് സാങ്കേതിക തകരാർ മൂലം പാതിവഴിയിൽ കുടുങ്ങിയത്. 45 മിനിറ്റിന് ശേഷം തകരാർ പരിഹരിച്ച് എംഎൽഎ ഉൾപ്പെടെ മുഴുവൻ യാത്രക്കാരേയും രക്ഷപ്പെടുത്തി. സാങ്കേതിക തകരാറിനെ തുടർന്നാണ് റോപ്പ് വേ ആകാശമധ്യേ കുടുങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം.

ആരും കേബിൾ കാറിൽ കുടുങ്ങിക്കിടക്കുന്നില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയതായും തെഹ്രി ഗർവാൾ എസ്എസ്‌പി നവനീത് ഭുള്ളർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. റോപ്പ്വേ നിലവിൽ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കേബിൾ കാർ പാതിവഴിൽ കുടുങ്ങിയത് ഗുരുതരമായ പ്രശ്നമാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും എംഎൽഎ കിഷോർ ഉപാധ്യായ പറഞ്ഞു. ഞങ്ങൾക്ക് ആരുടെയും ജീവൻ അപകടത്തിലാക്കാൻ കഴിയില്ലെന്നും റോപ്പ്വേ ഓപ്പറേറ്റർമാരുമായും ബന്ധപ്പെട്ട അധികാരികളുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.