നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരെ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എടുത്തു. 39 പന്തുകൾ മാത്രം നേരിട്ട് 77 റൺസുയർത്തിയ ഡേവിഡ് മലാനാണ് ഇംഗ്ലണ്ട് സ്‌കോറിന്റെ നട്ടെല്ല്. 29 പന്തിൽ 42 റൺസെടുത്തു പുറത്താകാതെ നിന്ന ലിയാംലിവിങ്സ്റ്റണും തിളങ്ങി. രണ്ട് വിക്കറ്റ് നേടിയ രവി ബിഷ്ണോയിയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്.

ക്യാപ്റ്റൻ ജോസ് ബട്‌ലറും ജേസൺ റോയും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിനു നൽകിയത്. റോയ് 26 പന്തിൽനിന്ന് 27 റൺസടിച്ചപ്പോൾ ക്യാപ്റ്റൻ ബട്ലർ ഒൻപതു പന്തിൽനിന്ന് 18 റൺസെടുത്തു. ഇവരുടെ പുറത്താകലിനു ശേഷമായിരുന്നു മലാന്റെ വെടിക്കെട്ട്. ഫിൽ സാൾട്ടിന് (എട്ട്) തിളങ്ങാനായില്ല. പിന്നാലെയെത്തിയ ലിവിങ്സ്റ്റണും റൺസ് കണ്ടെത്തിയതോടെ ഇംഗ്ലണ്ട് 150 കടന്നു.

ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ശേഷമാണ് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ജേസൺ റോയ് (27), ജോസ് ബട്ലർ (18), ഫിലിപ് സാൾട്ട് (8) എന്നിവർക്കക്ക് കാര്യമായ സംഭാവന നൽകാനായില്ല. മൂന്നിന് 84 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ മലാൻ- ലിവിങ്സ്റ്റൺ സഖ്യം ടീമിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഇരുവരും 84 റൺസാണ് കൂട്ടിചേർത്ത്.

39 പന്തിൽ നിന്ന് അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പെടെയാണ് മലാൻ 77 റൺസെടുത്തത്. എന്നാൽ ബിഷ്ണോയിയുടെ പന്തിൽ റിഷഭ് പന്തിന് ക്യാച്ച് നൽകി മലാൻ മടങ്ങി. തുടർന്നെത്തിയ മൊയീൻ അലി (0) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. എന്നാൽ ലിവിംഗസ്റ്റണിന്റെ പോരാട്ടം സ്‌കോർ 200 കടത്തി. ക്രിസ് ജോർദാനാണ് (11) പുറത്തായ മറ്റൊരു താരം.

നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. റീസെ ടോപ്ലി, ഫിൽ സാൾട്ട് എന്നിവർ ടീമിലെത്തി. സാം കറൻ, മാത്യു പാർക്കിൻസൺ എന്നിവരാണ് പുറത്തായത്. ഇന്ത്യ നാല് മാറ്റങ്ങൾ കൊണ്ടുവന്നു. ജസ്പ്രിത് ബുമ്ര, ഭുവനേശ്വർ കുമാർ, യൂസ്വേന്ദ്ര ചാഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യർ, ഉംറാൻ മാലിക്ക്, ആവേഷ് ഖാൻ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു അർഷ്ദീപ് സിംഗിനെ വീണ്ടും പരിഗണിച്ചില്ല.