- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോവയിൽ നിയമസഭാ സമ്മേളനത്തിന് മുമ്പ് നാടകീയ രാഷ്ട്രീയ നീക്കങ്ങൾ; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വീട്ടിൽ; ഒൻപത് കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക്; മൈക്കിൾ ലോബോ ഗൂഢാലോചന നടത്തിയെന്നു എഐസിസി; കൂറുമാറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ്
പനാജി : ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേരുമെന്ന പ്രചാരണം ശക്തമായിരിക്കെ നടപടിയുമായി കോൺഗ്രസ്. മൂന്ന് എംഎൽഎമാർക്കൊപ്പം മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിലെത്തിയ മൈക്കൽ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും കോൺഗ്രസ് നീക്കി. പിസിസി ആസ്ഥാനത്ത് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ലോബോയെ അടിയന്തരമായി സ്ഥാനത്ത് നിന്നും നീക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദിനേഷ് ഗുണ്ടൂ റാവു അറിയിച്ചത്.
'മുൻ മുഖ്യമന്ത്രി കൂടിയായ ദിഗംബർ കാമത്തും ലോബോയും പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തി. ഇരുവർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇരുവരും ബിജെപിക്കായി പ്രവർത്തിച്ചുവെന്നും വൻ തുക വാഗ്ദാനം ചെയ്താണ് എം എൽ എ മാരെ റാഞ്ചിയതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ദിനേഷ് ഗുണ്ടൂ റാവു ആരോപിച്ചു. ആരാധനലായങ്ങളിൽ പോയി സത്യം ചെയ്ത എംഎൽഎമാർ ദൈവ നിന്ദകൂടിയാണ് ഇപ്പോൾ ചെയ്യുന്നത്. നിലവിലെ സാഹചര്യം ഹൈക്കമാൻഡിനെ അറിയിച്ചു . കൂറ് മാറിയവർക്കെതിതെ നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
കോൺഗ്രസ് വിളിച്ച വാർത്താസമ്മേളനത്തിലും മൈക്കിൾ ലോബോയും ദിഗംബർ കാമത്തും പങ്കെടുത്തിരുന്നില്ല. 11 കോൺഗ്രസ് എംഎൽഎമാരുള്ളതിൽ രണ്ടു പേർ മാത്രമാണു പിസിസി ഓഫിസിലെത്തിയതെന്നാണു വിവരം. അഞ്ച് കോൺഗ്രസ് എംഎൽഎമാർ- മൈക്കൽ ലോബോ, ദെലില ലോബോ, ദിഗംബർ കാമത്ത്, കേദാർ നായിക്, രാജേഷ് ഫല്ദേശായി എന്നിവരാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയതെന്നാണ് റിപ്പോർട്ട്.
പ്രതിപക്ഷ നേതൃസ്ഥാനം ദിഗംബർ കാമത്തിനു നൽകാതെ മൈക്കിൾ ലോബോക്ക് നൽകിയതിലെ അതൃപ്തിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നു സൂചനയുണ്ടായിരുന്നു. മൈക്കിൾ ലോബോയും ഭാര്യ ദെലീല ലോബോയും നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഈ വർഷം ജനുവരിയിലാണു ബിജെപി വിട്ടു കോൺഗ്രസിലെത്തിയത്. എംഎൽഎമാർ ബിജെപിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെ ഞായറാഴ്ച രാവിലെ മർഗാവലിലെ ഹോട്ടലിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഇതിൽ ഏഴ് എംഎൽഎമാർ പങ്കെടുത്തെന്ന് കോൺഗ്രസ് അവകാശപ്പെട്ടെങ്കിലും രണ്ട് പേർ മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം.
എന്നാൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ പ്രതികരണം. നിയമസഭാ സമ്മേളനത്തിന് മുമ്പ് പല എംഎൽഎമാരും തന്നെ കാണാൻ വരാറുണ്ടെന്നാണ് മൈക്കൽ ലോബോയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.
നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കാരിക്കെയാണ് ഗോവയിൽ വൻ രാഷ്ട്രീയ നാടകങ്ങൾ ശക്തമായത്. 11 കോൺഗ്രസ് എംഎൽഎമാരിൽ 10 പേരെങ്കിലും ബിജെപിയിലേക്ക് പോവുമെന്നായിരുന്നു അഭ്യൂഹം. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോയുമെല്ലാം ബിജെപിയിലേക്ക് പോകുകയാണെന്നാണ് സൂചന. നിലവിൽ അഞ്ച് എംഎൽഎമാരാണ് പിസിസി ഓഫീസിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ ഇപ്പോഴും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തുകയാണ്. ലോബോയുടെ ഭാര്യയും എംഎൽഎയുമായ ദലൈല അടക്കം നാല് എംഎൽഎമാരാണ് ബിജെപി മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചേർന്നിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയത്. ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതായിരുന്നു പാർട്ടി മാറ്റത്തിന് കാരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദിഗംബർ കാമത്തിന് പകരം മൈക്കൾ ലോബോയെ കോൺഗ്രസ് പ്രതിപക്ഷ നേതാവാക്കിുകയായിരുന്നു. കൂറ് മാറ്റം സർക്കാരിന്റെ ഭാവിയെ ബാധിക്കില്ലെങ്കിലും ഓഗസ്റ്റിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടക്കേണ്ട സാഹചര്യത്തിൽ ഇപ്പോഴത്തെ നീക്കങ്ങൾ നിർണായകമാണ്.




