- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1958ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ യേശുദാസിന്റെ പാട്ടിന് ഹാർമോണിയത്തിന്റെ ശ്രുതി നൽകിയ കലാകാരൻ; വായ്പാട്ടിൽ യേശുദാസിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ രണ്ടാം സ്ഥാനം നേടിയ സ്വരമാധുരി: പി ഗോവിന്ദൻകുട്ടിക്ക് സംഗീത ലോകത്തിന്റെ ആദരാഞ്ജലികൾ

തൃശൂർ: തൃശൂർ പി.ഗോവിന്ദൻകുട്ടി (80) ഓർമയായി. 1958ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വിജയികൾ അവതരിപ്പിച്ച കച്ചേരിയിൽ യേശുദാസിന്റെ പാട്ടിനു പി.ജയചന്ദ്രനൊപ്പം പിന്നണി ചേർന്ന കലാകാരനാണ് പി. ഗോവിന്ദൻ കുട്ടി. അന്നത്തെ കലോത്സവത്തിൽ വായ്പാട്ടിൽ യേശുദാസിന് ഒന്നാം സ്ഥാനവും ഗോവിന്ദൻ കുട്ടിക്കു രണ്ടാം സ്ഥാനവുമായിരുന്നു.
കലോത്സവത്തിന്റെ സമാപന സമ്മേളന വേദിയിൽ യേശുദാസിനെ കച്ചേരി അവതരിപ്പിക്കാൻ ക്ഷണിച്ചപ്പോൾ ഹാർമോണിയത്തിൽ ശ്രുതി ചേർന്നത് ഗോവിന്ദൻകുട്ടി ആയിരുന്നു. അന്നു മൃദംഗത്തിൽ ഒന്നാം സ്ഥാനം നേടിയ, ഇന്നത്തെ ഭാവഗായകൻ ജയചന്ദ്രൻ മൃദംഗം വായിച്ചു. പാറമേക്കാവ് ഭഗവതിയുടെ ദീപാരാധനയ്ക്കു നാഗസ്വരം വായിക്കുന്ന ഗോവിന്ദൻകുട്ടി ജികെ പൂത്തോൾ എന്ന തൂലികാ നാമത്തിൽ എഴുപതുകളിലെ നാടകവേദിയിൽ തിരക്കുള്ള സംഗീത സംവിധായകനായിരുന്നു.
നാഗസ്വര വിദഗ്ധനായി തമിഴ്‌നാട്ടിലും ശ്രദ്ധേയനായി. തൃശൂർ എസ്ആർവി സ്‌കൂളിൽ സംഗീത അദ്ധ്യാപകനായി ആയിരുന്നു ജീവിതം. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു 11.30നു പാറമേക്കാവ് ശാന്തിഘട്ടിൽ.
ഭാര്യ: രാധ. മക്കൾ: സുധിൻ ശങ്കർ (പാറമേക്കാവ് ക്ഷേത്രം നാഗസ്വരം അടിയന്തരക്കാരൻ) സുമന, സുനിത, സുജേഷ് ശങ്കർ (എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ തകിൽ അടിയന്തരക്കാരൻ). മരുമക്കൾ: മനീഷ്, അനിൽകുമാർ, മണി, ശുഭ.


