പൃഥ്വിരാജ് നായകനായ കടുവ സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിൽ പരാമർശം വന്നതിൽ ഖേദം രേഖപ്പെടുത്തി പൃഥ്വിരാജും. സംവിധായകൻ ഷാജി കൈലാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് പൃഥ്വിരാജിന്റെയും ക്ഷമാപണം. ''മാപ്പ്, അതൊരു തെറ്റായിരുന്നു. ഞങ്ങളത് അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു''. പൃഥ്വിരാജ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശവുമായി ബന്ധപ്പെട്ട് കടുവ സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് തെറ്റേറ്റ് മാപ്പു ചോദിച്ച് പൃഥ്വിരാജും രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സിനിമയുടെ സംവിധായകൻ ഷാജി കൈലാസ്, നിർമ്മാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് നോട്ടീസ് അയക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടിരുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നും കുറിച്ച് ഷാജി കൈലാസ് നേരത്തെ തന്നെ ഫേസ്‌ബുക്കിലൂടെ മാപ്പ് ചോദിച്ചിരുന്നു. പിന്നാലെയാണ് ആ തെറ്റിന് മാപ്പ് ചോദിച്ച് പൃഥ്വിരാജ് എത്തിയത്.

''ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യർത്ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോൾ നായകനായ പൃഥ്വിരാജോ ആ സീൻ ഒരുക്കുമ്പോൾ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവർ ചെറുതായൊന്ന് വീഴുമ്പോൾപ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോൾ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. മാപ്പ്.'' ഷാജി കൈലാസിന്റെ വാക്കുകൾ. ഇത് പങ്കുവച്ചാണ് പൃഥ്വിരാജും മാപ്പ് ചോദിച്ച് രംഗത്തെത്തിയത്.

കുറിപ്പിന്റെ പൂർണരൂപം ചുവടെ:

''ഞാൻ സംവിധാനം ചെയ്ത 'കടുവ' എന്ന സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിൽ പരാമർശം വന്നതിൽ നിർവ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യർത്ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോൾ നായകനായ പൃഥ്വിരാജോ ആ സീൻ ഒരുക്കുമ്പോൾ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മൾ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകൾ കാലങ്ങളായി നാം കേൾക്കുന്നതാണ്. ('പിതാക്കന്മാർ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു' എന്ന ബൈബിൾവചനം ഓർമിക്കുക) മക്കളുടെ കർമഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യർ അത് ആവർത്തിക്കുന്നു.

ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിൽ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓർമിക്കാതെ തീർത്തും സാധാരണനായ ഒരു മനുഷ്യൻ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തിൽ പറഞ്ഞ വാക്കുകൾ മാത്രമായി അതിനെ കാണുവാൻ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവർ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനർഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളിൽപ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല.

മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവർ ചെറുതായൊന്ന് വീഴുമ്പോൾപ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോൾ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. 'കടുവ'യിലെ വാക്കുകൾ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകൾ കാണാനിടയായി. നിങ്ങൾക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവർക്ക് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ....മാപ്പ്....നിങ്ങൾക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകൾ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കൽക്കൂടി ക്ഷമാപണം.''