ചെന്നൈ: അണ്ണാ ഡിഎംകെയിലെ അധികാര വടംവലിയിൽ പളനി സ്വാമിക്ക് വിജയം. പാർട്ടിയുടെ കടിഞ്ഞാണിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തെ അണ്ണാ ഡിഎംകെ പുറത്താക്കി. പനീർശെൽവത്തെ പിന്തുണക്കുന്നവരേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക പ്രമേയത്തിലൂടെ പനീർശെൽവത്തെയും അനുയായികളേയും പുറത്താക്കിയത്.

പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് പനീർ ശെൽവത്തേയും കൂട്ടരേയും പുറത്താക്കിയത്. നാല് മാസത്തിനുള്ളിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പാർട്ടി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനും തീരുമാനിച്ചു. 2500 പേർ വരുന്ന ജനറൽ കൗൺസിൽ പാർട്ടിയിൽ തുടർന്നുവന്ന ഇരട്ട നേതൃത്വം തള്ളി ഇപിഎസ്‌സിനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ പാർട്ടി കോഡിനേറ്ററായി പനീർശെൽവവും ജോയന്റ് കോർഡിനേറ്ററായി പളനിസ്വാമിയും തുടർന്നുവരുകയായിരുന്നു.

പളനിസ്വാമി പക്ഷം വിളിച്ച യോഗം സ്റ്റേ ചെയ്യണമെന്ന പനീർശെൽവത്തിന്റെ ഹർജി കോടതി അംഗീകരിച്ചിരുന്നില്ല. യോഗം തുടങ്ങിയതുതന്നെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയോടെയായിരുന്നു. ചേരിതിരിഞ്ഞ് നടന്ന ഏറ്റുമുട്ടലിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.