രാജ്യത്തെ റന്റൽ മാർക്കറ്റിലെ പ്രോപ്പർട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഹ്രസ്വകാല റെന്റൽ സംവിധാനങ്ങളിൽ പുതിിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിലൂടെ രാജ്യത്ത് ദീർഘകാലത്തേയ്ക്ക് താമസസൗകര്യം അന്വേഷിക്കുന്നവർക്ക് വീടുകൾ ലഭ്യമാക്കാനുള്ള പദ്ധതിയാണ് സർക്കാർ കൊണ്ടുവരുന്നത്.

ഹ്രസ്വകാലത്തേയ്ക്ക് വീടുകൾ വാടകയ്ക്ക് നൽകുന്നതിനാണ് പുതുതായി കൂടുതൽ നിയന്ത്രണങ്ങൾ വരുന്നത്.റെന്റ് പ്രഷർ സോണുകളിലെ നോൺ - പ്രിൻസിപ്പൽ പ്രൈവറ്റ് റെസിഡൻസുകൾക്കാണ് നിലവിൽ നിയന്ത്രണങ്ങൾ ബാധകമാകുന്നത്. ഉപഭോക്തൃ വിലകളുടെ സമന്വയ സൂചികയ്ക്ക് അനുസൃതമായി ഓരോ വർഷവും വാടക വർദ്ധിപ്പിക്കാൻ ഭൂവുടമകൾക്ക് അനുമതിയുള്ള മേഖലകളാണ് റെന്റ് പ്രഷർ സോണുകൾ.

പുതിയ നിയമങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ, സെപ്റ്റംബർ 1 മുതൽ, ശരിയായ ആസൂത്രണ അനുമതിയില്ലാത്ത RPZ-കളിലെ പ്രോപ്പർട്ടികൾ പരസ്യപ്പെടുത്താൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് കഴിയില്ല.പ്ലാനിങ് കമ്മീഷന്റെ അനുമതിയില്ലാതെ ഓൺലൈനിൽ ഇത്തരം കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നു എന്ന പരസ്യം നൽകാൻ ഇനി അനുവദിക്കില്ല.

വീട് 90 ദിവസത്തിലധികം വാടകയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്നവർ പ്ലാനിങ് കമ്മീഷന്റെ അനുമതി വാങ്ങണം. ഇല്ലാത്തപക്ഷം വാടകയ്ക്ക് നൽകുന്നവരും വാങ്ങുന്നവരും കുറ്റക്കാരാകും. പുതിയ നിർദ്ദേശങ്ങൾക്ക് മന്ത്രി സഭ അനുമതി നൽകി.