നോർത്ത് കരോലിന : കാർ അപകടങ്ങളിൽ രണ്ടു മക്കളെ നഷ്ടമായ മാതാവ് വീട്ടിൽ വളർത്തുന്ന നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നോർത്ത് കരോലിനയിലെ ട്രീന പീഡ് (46) ആണ് ദാരുണമായി മരിച്ചത്. ജൂലൈ എട്ടിനായിരുന്നു സംഭവം. വീടിനു പിന്നിലുള്ള ഡോഗ് സിറ്റിങ്ങിൽ നിന്നും പുറത്തിറക്കിയ പിറ്റ് ബുൾ വിഭാഗത്തിൽപ്പെടുന്ന നായ്ക്കളാണ് ട്രീനയെ കൂട്ടമായി ആക്രമിച്ചത്.

പുലർച്ചെ രണ്ടു മണിക്ക് ഇവരുടെ നിലവിളികേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. ഈ സമയം രണ്ട് പിറ്റ് ബുള്ളുകൾ ട്രീനയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവൻ കടിച്ചു കീറിയ അവസ്ഥയിലായിരുന്നു. ഉടൻ തന്നെ പൊലീസിനെ വിളിച്ചു. കൗണ്ടി ആനിമൽ കൺട്രോൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി നായ്ക്കളുടെ ആക്രമണം അവസാനിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് വെടിയുതിർക്കുകയും ഒരെണ്ണം മരിക്കുകയും രണ്ടാമത്തെ പിറ്റ് ബുള്ളിനെ ആനിമൽ കൺട്രോൾ വിഭാഗം പിടികൂടി ഷെൽറ്ററിൽ അടയ്ക്കുകയും ചെയ്തു. നായ്ക്കളുടെ ഉടമസ്ഥർ ആരെന്ന് വ്യക്തമല്ല.

ട്രീനയുടെ 14 വയസ്സുള്ള ഒരു മകൻ 2017ൽ റോഡ് ക്രോസ് ചെയ്യുമ്പോൾ കാറിടിച്ച് മരിക്കുകയായിരുന്നു. 24 വയസ്സുള്ള മറ്റൊരു മകൻ ട്രെയ്ലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും മരിച്ചിരുന്നു. ഈ മരണങ്ങളുടെ ആഘാതത്തിൽ നിന്നും മുക്തി നേടുന്നതിന് മുൻപാണ് നായ്ക്കളുടെ ആക്രമണത്തിൽ ട്രീന ക്രൂരമായി കൊല്ലപ്പെട്ടത്. സംസ്‌ക്കാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഇവരുടെ സുഹൃത്തുക്കൾ ഗോഫണ്ട് പേജ് തുടങ്ങിയിട്ടുണ്ട്.