- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോളിൽ ദിനേശ് ചാണ്ഡിമലിന് ഇരട്ട സെഞ്ചുറി; ഓസീസിനെതിരെ ടെസ്റ്റിൽ ഒരു ലങ്കൻ ബാറ്ററുടെ ആദ്യ ഇരട്ടശതകം; സംഗക്കാരയെ മറികടന്നു; ലങ്കയ്ക്ക് 190 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

ഗോൾ: ഗോൾ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇരട്ട സെഞ്ചുറിയുമായി ശ്രീലങ്കയുടെ ദിനേശ് ചാന്ദിമൽ കുറിച്ചത് പുതിയ റെക്കോർഡ്. ഓസീസിനെതിരെ ടെസ്റ്റിൽ ഒരു ലങ്കൻ ബാറ്റർ ആദ്യമായാണ് ഇരട്ട ശതകം തികയ്ക്കുന്നത്. ഇതിഹാസ താരം കുമാർ സംഗക്കാരയുടെ പേരിലായിരുന്നു ഇതുവരെ ഓസീസിനെതിരെ ഒരു ലങ്കൻ താരത്തിന്റെ ഉയർന്ന ടെസ്റ്റ് സ്‌കോറിന്റെ റെക്കോർഡ്. 2007ൽ ഹൊബാർട്ട് ടെസ്റ്റിൽ സംഗ നേടിയ ഐതിഹാസികമായ 192 റൺസിന്റെ റെക്കോർഡ് മറികടന്ന ചാന്ദിമൽ ഗോളിൽ 206* റൺസുമായി പുറത്താകാതെ നിന്നു.
118 റൺസുമായാണ് ചാണ്ഡിമൽ നാലാംദിനം ആരംഭിച്ചത്. 185ൽ നിൽക്കെ മിച്ചൽ സ്റ്റാർക്കിനെതിരെ തുടർച്ചയായി ഒരു ഫോറും രണ്ട് സിക്സും നേടിയാണ് ചാണ്ഡിമൽ ഇരട്ട സെഞ്ചുറി ആഘോഷിച്ചത്. അഞ്ച് സിക്സും 16 ഫോറും അടങ്ങുന്നതായിരുന്നു ചാണ്ഡിമലിന്റെ ഇന്നിങ്സ്.
ദിനേശ് ചാന്ദിമലിന്റെ ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഗോളിൽ ലങ്ക 190 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. ഓസീസിന്റെ 364 റൺസ് പിന്തുടർന്ന ദ്വീപ് രാജ്യം 554 റൺസെടുത്തു. 326 പന്തിൽ 16 ഫോറും അഞ്ച് സിക്‌സറും സഹിതം 206* റൺസുമായി ചാന്ദിമൽ പുറത്താകാതെ നിന്നു.
നായകനും ഓപ്പണറുമായ ദിമുത് കരുണരത്‌നെ(86), മൂന്നാമൻ കുശാൽ മെൻഡിസ്(85), മുൻ നായകൻ ഏഞ്ചലോ മാത്യൂസ്(52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സന്ദർശകർക്കായി മിച്ചൽ സ്റ്റാർക്ക് നാലും മിച്ചൽ സ്വപ്‌സൺ മൂന്നും നേഥൻ ലയൺ രണ്ടും ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഒന്നും വിക്കറ്റ് നേടി.
നേരത്തെ ഒന്നാം ഇന്നിങ്‌സിൽ അരങ്ങേറ്റക്കാരൻ ലങ്കൻ സ്പിന്നർ പ്രഭത് ജയസൂര്യയുടെ ആറ് വിക്കറ്റ് പ്രകടനത്തിന് മുന്നിൽ ഓസീസ് 364ൽ പുറത്താവുകയായിരുന്നു. ജയസൂര്യ 36 ഓവറിൽ 118 റൺസ് വിട്ടുകൊടുത്താണ് ആറ് പേരെ മടക്കിയത്. അതേസമയം ഓസീസ് മാർനസ് ലബുഷെയ്ൻ(156 പന്തിൽ 104), സ്റ്റീവ് സ്മിത്ത്(272 പന്തിൽ 145*) എന്നിവരുടെ സെഞ്ചുറിക്കിടയിലും പരുങ്ങുകയായിരുന്നു. 37 റൺസെടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയാണ് മൂന്നാമത്തെ ഉയർന്ന സ്‌കോറുകാരൻ. കാസുൻ രജിത രണ്ടും രമേശ് മെൻഡിസും മഹീഷ് തീഷ്ണയും ഓരോ വിക്കറ്റും നേടി.


