ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. ഈ മാസം 21 ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടർന്ന് ചോദ്യം ചെയ്യൽ നേരത്തെ നീട്ടിയിരുന്നു.

ഇതേ കേസിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അൻപതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്‌സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.