കൊളംബൊ: സാമ്പത്തിക - രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ ദേശീയ സർക്കാരുണ്ടാക്കാൻ തയ്യാറാണെന്ന് മുഖ്യപ്രതിപക്ഷമായ സമഗി ജന ബലവേഗയ (എസ്ജെബി) പാർട്ടി. മാതൃരാജ്യത്തെ സംരക്ഷിക്കാനും സാമ്പത്തിക മേഖലയെ കരകയറ്റാനും തങ്ങൾ തയ്യാണെന്നും എസ്ജെബി നേതാവ് സജിത് പ്രേമദാസ പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞുള്ള ജനങ്ങളുടെ പ്രക്ഷോഭം രാജ്യത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റിലെ നീക്കത്തിന് എതിരായ എന്തു ചെറുത്തുനിൽപ്പും വഞ്ചനയായി കണക്കാക്കുമെന്നും സജിത് പ്രേമദാസ പറഞ്ഞു. ക്യാബിനറ്റ് രാജിവയ്ക്കുമെന്നും പുതിയ സർക്കാരുണ്ടാക്കാൻ സഹകരിക്കുമെന്ന പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭകരെ ഭയന്ന് ഒളിവിൽ കഴിയുന്ന പ്രസിഡന്റ് ഗോതബായ രജപക്സെ ബുധനാഴ്ച രാജിവയ്ക്കുമെന്ന് പ്രധാനമന്ത്രിയുടോ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. സാഹചര്യങ്ങൾ വിലയിരുത്താനായി യോഗം ചേർന്ന പ്രതിപക്ഷ പാർട്ടികൾ, ദേശീയ സർക്കാരുണ്ടാക്കാമെന്ന തീരൂമാനത്തിൽ എത്തിയിരുന്നു.

'പുതിയ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും നിയോഗിക്കാൻ പാർട്ടി തയ്യാറാണ്. മറ്റു മാർഗങ്ങളില്ല. ആരെങ്കിലും ഇതിനെ എതിർക്കുകയോ പാർലമെന്റിൽ അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അത് വഞ്ചനാപരമായ നടപടിയായി ഞങ്ങൾ കാണും.'- പ്രേമദാസ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേ സമയം നാടുവിട്ട ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ഇപ്പോൾ ഒരു അയൽരാജ്യത്താണ് ഉള്ളതെന്നും ബുധനാഴ്ച തിരിച്ചെത്തുമെന്നും സ്പീക്കർ മഹിന്ദ അബെയ്‌ര വർധന അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. അതേ സമയം ശ്രീലങ്കയിൽ പ്രസിഡന്റ് പദത്തിനായി നേതാക്കൾ നീക്കം ശക്തമാക്കി.

ലങ്കൻ നാവികസേനയുടെ കപ്പലിൽ പുറങ്കടലിൽ കഴിയുകയാണ് ഗോതബയ എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹം അയൽരാജ്യത്താണ് ഇപ്പോൾ ഉള്ളതെന്നും ബുധനാഴ്ച മാത്രമേ ലങ്കയിൽ എത്തൂ എന്നുമാണ് സ്പീക്കറുടെ വെളിപ്പെടുത്തൽ. നിരന്തരം പ്രസിഡന്റുമായി താൻ ആശയവിനിമയം നടത്തുന്നുണ്ട് എന്നും സ്പീക്കർ പറഞ്ഞു. ഏതു രാജ്യത്താണ് ഗോതബയ എന്ന് പറയാൻ സ്പീക്കർ വിസമ്മതിച്ചു.

ബുധനാഴ്ച രാജി വെക്കുമെന്ന് ഗോതബയ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ അടുത്ത പ്രസിഡന്റാകാൻ പ്രമുഖ നേതാക്കൾ നീക്കം ശക്തമാക്കി. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പ്രസിഡന്റ പദത്തിനായി അവകാശവാദം ഉന്നയിച്ചു സർവകക്ഷി സർക്കാർ ഉണ്ടാക്കുമ്പോൾ താൻ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടുമെന്ന് പത്ത് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സജിത്ത് പ്രേമദാസ അറിയിച്ചു.

2019 ൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച പ്രേമദാസ അന്ന് പരാജയപ്പെട്ടിരുന്നു. രജപക്‌സെ കുടുംബത്തിന്റെ അധികാര കാലം അവസാനിച്ചുവെന്നും രാജ്യത്ത് സ്ഥിരതയുള്ള ഭരണം നല്കാൻ താൻ തയാറാണെന്നും അദ്ദേഹം പ്രതിപക്ഷ പാർട്ടി യോഗത്തിൽ പറഞ്ഞു.

അതേ സമയം ഐഎംഎഫുമായി ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ റെനിൽ വിക്രമസിംഗെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തണമെന്ന അഭിപ്രായവും ചില പാർട്ടികളിൽ ഉയരുന്നുണ്ട്. പാതി മനസോടെ പ്രധാനമന്ത്രി പദം രാജിവെച്ച റെനിൽ വിക്രമസിംഗെയ്ക്ക് പ്രസിഡന്റ് സ്ഥാനം താല്പര്യമുണ്ട്. അടുത്ത മാസം ആയിരിക്കും പാർലമെന്റ് ചേർന്ന് പുതിയ സർവകക്ഷി സർക്കാരിനെയും പ്രസിഡന്റിനെയും തെരഞ്ഞെടുക്കുക.

പിടിച്ചെടുത്ത ഔദ്യോഗിക വസതികളിൽ മൂന്നാം ദിവസവും തുടരുകയാണ് പ്രക്ഷോഭകർ. ഇവരെ ബലം പ്രയോഗിച്ചു പിരിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ലങ്കൻ സൈന്യം വ്യക്തമാക്കി. ലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന അഭ്യൂഹങ്ങൾ ഇന്ത്യ തള്ളി. കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.