അബുദാബി: യുഎഇയിൽ തിങ്കളാഴ്ചയും മഴ തുടരുന്നു. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും മേഘാവൃതമാണ്. കടുത്ത വേനൽ അനുഭവപ്പെട്ടിരുന്ന സ്ഥലങ്ങളിലൊഴികെ അന്തരീക്ഷ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയായി. ഈ ആഴ്ചയിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ബ്യൂറോ പ്രവചിക്കുന്നത്.

ഫുജൈറയിലും അൽ ഐനിലും തിങ്കളാഴ്ച മഴ ലഭിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മസഫി, കൽബ ഏരിയകളിൽ മഴ പെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. യുഎഇയിലെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ബുധനാഴ്ച മുതൽ താപനില ക്രമേണ ഉയരുമെന്നാണ് പ്രതീക്ഷ. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രികർക്ക് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.