- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരങ്ങേറ്റ മത്സരത്തിൽ 12 വിക്കറ്റ് വീഴ്‌ത്തി പ്രഭാത് ജയസൂര്യ; ഓസ്ട്രേലിയയ്‌ക്കെതിരെ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ആദ്യ ലങ്കൻ ബാറ്ററായി ദിനേഷ് ചണ്ഡിമൽ; രണ്ടാം ടെസ്റ്റിൽ ഓസിസിനെ ഇന്നിങ്‌സിനും 39 റൺസിനും കീഴടക്കി ശ്രീലങ്ക

ഗോൾ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ വൻ മാർജിനിൽ കീഴടക്കി ആതിഥേയരായ ശ്രീലങ്ക. ഇന്നിങ്‌സിനും 39 റൺസിനുമാണ് ലങ്കയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സിൽ നേടിയത് 364 റൺസ്. മറുപടിയിൽ ശ്രീലങ്ക 554 റൺസടിച്ചു. ആദ്യ ഇന്നിങ്‌സിൽ 190 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ശ്രീലങ്ക എതിരാളികളെ രണ്ടാം ഇന്നിങ്‌സിൽ 151 റൺസിന് പുറത്താക്കി. ടെസ്റ്റ് പരമ്പര 1 - 1 ന് സമനിലയിൽ പിരിഞ്ഞു. രണ്ട് ഇന്നിങ്‌സുകളിലുമായി ലങ്കൻ സ്പിന്നർ പ്രഭാത് ജയസൂര്യ 12 വിക്കറ്റുകൾ വീഴ്‌ത്തി. ടെസ്റ്റിൽ താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്.
326 പന്തിൽ 206 റൺസെടുത്ത് പുറത്താകാതെ നിന്ന ദിനേഷ് ചണ്ഡിമലാണ് ആദ്യ ഇന്നിങ്‌സിൽ ശ്രീലങ്കയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 316 പന്തുകളിൽനിന്നു താരം ഇരട്ട സെഞ്ചറി തികച്ചു. 16 ഫോറുകളും അഞ്ച് സിക്‌സുകളും അടങ്ങുന്നതായിരുന്നു ചണ്ഡിമലിന്റെ ഇന്നിങ്‌സ്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 175ആം ഓവറിൽ ശ്രീലങ്കയുടെ ഒൻപതാം വിക്കറ്റ് നഷ്ടമാകുമ്പോൾ ദിനേഷ് ചണ്ഡിമൽ 159 എന്ന സ്‌കോറിലാണുണ്ടായിരുന്നത്.
ഓസ്ട്രേലിയയ്‌ക്കെതിരെ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ആദ്യ ശ്രീലങ്കൻ താരമെന്ന നേട്ടം സ്വന്തമാക്കാൻ 41 റൺസ് കൂടെ ചണ്ഡിമലിന് ആവശ്യമായിരുന്നു. ട്വന്റി20 മാതൃകയിൽ പിന്നീടു ബാറ്റു വീശിയ ചണ്ഡിമൽ 18 പന്തിൽ 42 റൺസെടുത്തു. വിക്കറ്റു വീഴാൻ സാധ്യതയുള്ളതിനാൽ പത്താമനായി ഇറങ്ങിയ കസുൻ രജിതയെ കാഴ്ചക്കാരനായി നിർത്തിയായിരുന്നു ചണ്ഡിമലിന്റെ വെടിക്കെട്ട്.
ചണ്ഡിമലിന്റെ ഇരട്ട സെഞ്ചറിക്കരുത്തിൽ ആദ്യ ഇന്നിങ്‌സിൽ ശ്രീലങ്ക നേടിയത് 554 റൺസ്. ക്യാപ്റ്റൻ ദിമുത് കരുണരത്‌നെ (86), കുശാൽ മെൻഡിസ് (85), എയ്ഞ്ചലോ മാത്യുസ് (52), കമിന്ദു മെൻഡിസ് (61) എന്നിവർ ലങ്കയ്ക്കായി അർധസെഞ്ചറി തികച്ചു.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 364 റൺസിനു പുറത്തായിരുന്നു. മാർനസ് ലബുഷെയ്ൻ (156 പന്തിൽ 104), സ്റ്റീവ് സ്മിത്ത് (272 പന്തിൽ 145) എന്നിവർ ഓസ്‌ട്രേലിയയ്ക്കായി സെഞ്ചറി നേടി. 59 പന്തിൽ 32 റൺസെടുത്ത ലബുഷെയ്‌നാണ് രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ.
ഓസ്ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിൽ 12 വിക്കറ്റ് നേടിയതോടെ ഇടങ്കയ്യൻ സ്പിന്നർ ജയസൂര്യയുടെ അക്കൗണ്ടിൽ അവിശ്വസനീയമായ റെക്കോർഡുകളെത്തി. അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ നാലാമതെത്താൻ ജയസൂര്യക്കായി. 177 റൺസ് വഴങ്ങിയാണ് ജയസൂര്യ 12 വിക്കറ്റ് വീഴ്‌ത്തിയത്.
ഈ പട്ടികയിൽ മുൻ ഇന്ത്യൻ താരം നരേന്ദ്ര ഹിർവാണിയാണ് ഒന്നാമൻ. 1988ൽ ചെന്നൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റത്തിൽ ഹിർവാണി 136 റൺസിന് 16 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. മുൻ ഓസീസ് താരം ബോബ് മാസി തൊട്ടുതാഴെയുണ്ട്. ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ അദ്ദേഹവും 16 വിക്കറ്റ് നേടിയിരുന്നു. 137 റൺസ് വിട്ടുകൊടുത്തു. മുൻ ഇംഗ്ലണ്ട് താരം ഫ്രണ്ട് മാർട്ടിൻ 1890ൽ ഓവലിൽ നടന്ന മത്സരത്തിൽ 102ന് 12 വിക്കറ്റ് നേടി.
ഇതിന് താഴെയാണ് ജയസൂര്യയുടെ പ്രകടനം. 2008ൽ ഓസ്ട്രേലിയൻ സ്പിന്നർ ജേസൺ ക്രേസ 358ന് 12 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഈ പ്രകടനം അഞ്ചാമതായി. മാത്രമല്ല, അരങ്ങേറ്റത്തിൽ ഒരു ശ്രീലങ്കൻ താരത്തിന്റെ മികച്ച പ്രകടനമാണിത്. രണ്ടാം തവണ മാത്രമാണ് ഒരു ശ്രീലങ്കൻ താരം അരങ്ങേറ്റത്തിൽ പത്ത് വിക്കറ്റ് വീഴ്‌ത്തുന്നത്. കഴിഞ്ഞ വർഷം പ്രവീൺ ജയവിക്രമ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റത്തിൽ 11 വിക്കറ്റ് വീഴ്‌ത്തിയിരുന്നു.


