- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്നായ രാജ ചത്തു
കൊൽക്കത്ത: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്നായ രാജ ചത്തു. ബംഗാൾ ടൈഗർ വിഭാഗത്തിൽപ്പെട്ട 25 വയസ്സുള്ള കടുവയാണ് രാജ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23 ന് വനംവകുപ്പ് രാജയുടെ 25-ാം ജന്മദിനം ആഘോഷിച്ചിരുന്നു. പശ്ചിമ ബംഗാളിലെ അലിപുർദുവാർ ജില്ലയിലെ ജൽദാപര വനത്തിൽ വച്ചാണ് കടുവ ചത്തത്.
2008-ൽ സുന്ദർബൻസിലെ മത്ല നദി മുറിച്ചുകടക്കുന്നതിനിടെ മുതല ആക്രമിച്ചതിനെ തുടർന്ന് രാജയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 2008 മുതൽ സൗത്ത് ഖയേർബാരി ടൈഗർ റെസ്‌ക്യൂ സെന്ററിലേക്ക് കൊണ്ടുപോയ രാജ, ആക്രമണത്തെ അതിജീവിച്ചതിന് ശേഷം കൃത്രിമ കാലിലാണ് നടന്നിരുന്നതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ദേബൽ റോയ് പറഞ്ഞു.
രാജയ്ക്ക് ഗുരുതരമായ രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും വാർദ്ധക്യസഹജമായ പ്രശ്നങ്ങളാണ് മരണകാരണമെന്നും മൃഗഡോക്ടർമാർ കണ്ടെത്തിയെന്നും റോയ് പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 25 വയസ്സും 10 മാസവും പ്രായമുള്ള രാജ ഞായറാഴ്ച രാത്രി വൈകിയാണ് മരിച്ചത്. റോയൽ ബംഗാൾ ടൈഗർ വിഭാഗത്തിലെ പ്രായം കൂടിയ കടുവയാണ് ഇത്. എന്നിരുന്നാലും, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ റോയൽ ബംഗാൾ കടുവയാണോ രാജയെന്ന് സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. കടുവകൾ സാധാരണയായി 20 വർഷത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം 2008 ൽ കടുവയുടെ പ്രായം 12 ൽ എത്തിയതായി മറ്റൊരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.




