മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യം ശിവസേന യോഗത്തിൽ ഉന്നയിച്ച് 16 എംപിമാർ. മഹാരാഷ്ട്രാ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത യോഗത്തിലാണ് 16 എംപിമാർ ഈ ആവശ്യം ഉന്നയിച്ചത്. ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട വനിത എന്ന നിലയിൽ മുർമുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് 16 സേനാ എംപിമാർ യോഗത്തിൽ മുന്നോട്ടുവച്ചതെന്ന് യോഗത്തിനുശേഷം ഗജാനൻ കീർത്തികർ എംപി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഉദ്ധവ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

'മുർമു എൻഡിഎ സ്ഥാനാർത്ഥിയാണ്. പക്ഷെ അവർ ഗോത്രവർഗ വിഭാഗത്തിൽനിന്ന് ഉള്ളവർ ആയതിനാലും വനിത ആയതിനാലും അവരെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് സേനാ എംപിമാർ മുന്നോട്ടുവച്ചത്' - കീർത്തികർ പറഞ്ഞു. ശിവസേനയുടെ 16 എംപിമാരാണ് ഉദ്ധവ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തതെന്നും അവർ എല്ലാവരും ഈ ആവശ്യമാണ് മുന്നോട്ടുവച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

രണ്ട് എംപിമാർ യോഗത്തിന് എത്തിയില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ യുപിഎയുടെ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖർജിയേയും പാർട്ടി മുമ്പ് പിന്തുണച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ രാഷ്ട്രീയത്തിന് അതീതമായാണ് കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ, യോഗം നടന്നതായി ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത് സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തെ തുടർന്നാണ് ഉദ്ധവ് താക്കറെ സർക്കാർ അടുത്തിടെ വീണത്. പാർട്ടിയിൽ പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് ഉദ്ധവ് താക്കറെ എംപിമാരുടെ യോഗം വിളിച്ചുചേർത്തത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുർമുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യം മുൻപും സേനയിൽ ഉയർന്നിരുന്നു.