- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ ആകർഷകമായ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തി വി എസ്എൻഎൽ മേധാവിയായി; നേടിയെടുത്തത് ഇന്ത്യയിലെ ഇന്റർനെറ്റിന്റെ പിതാവെന്ന ഖ്യാതി: ബി.കെ.സിംഗൾ ഇനി ഓർമ

ന്യൂഡൽഹി: ഇന്ത്യയിലെ ഇന്റർനെറ്റിന്റെ പിതാവെന്ന് അറിയപ്പെടുന്ന ബി.കെ.സിംഗൾ അന്തരിച്ചു. 1995 ൽ രാജ്യത്ത് ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയതിനു പിന്നിലെ നിർണായക വ്യക്തിത്വമായിരുന്നു അന്ന് വി എസ്എൻഎൽ (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്) മേധാവിയായിരുന്ന സിംഗൾ. ഐഐടി ഖരഖ്പുരിൽ പഠിച്ച സിംഗൾ 1991 ലാണ് ലണ്ടനിലെ ആകർഷകമായ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തി വി എസ്എൻഎൽ മേധാവി സ്ഥാനം ഏറ്റെടുക്കുന്നത്. 9,000 രൂപ മാസശമ്പളത്തിൽ ജോലിക്കെത്താൻ പ്രചോദനമായത് ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ സൂത്രധാരൻ സാം പിത്രോദയുടെ ഇടപെടലായിരുന്നു.
ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം തുടങ്ങിയത് 1995 ഓഗസ്റ്റ് 15ന് ആണെങ്കിലും തുടക്കം പരാജയമായിരുന്നു. 1995 ൽ സ്വാതന്ത്ര്യദിനത്തിൽ ഇന്റർനെറ്റ് ആരംഭിക്കുകയായിരുന്നു ലക്ഷ്യം. ഇതിന് 45 ദിവസം മുൻപ് പരീക്ഷണം തുടങ്ങിയെങ്കിലും തുടക്കം പാളി.മാധ്യമങ്ങൾക്കു മുന്നിൽ വി എസ്എൻഎൽ മേധാവി നടത്തിയ കുറ്റസമ്മതം പത്രങ്ങളിൽ തലക്കെട്ടുകളായി. വാർത്ത കണ്ട് ടെലികോം മന്ത്രി സുഖ്‌റാം സിംഗളിനെ വിളിച്ചു ശാസിച്ചു.
എന്നാൽ തിരിച്ചടികൾക്കു മുന്നിൽ പതറാതെ സിംഗളും സംഘവും രാവും പകലുമില്ലാതെ അധ്വാനിച്ച് പുതിയ സംവിധാനം പ്രവർത്തനക്ഷമമാക്കി. ഇന്ത്യയുടെ ഈ നേട്ടം കണ്ടുപഠിക്കാൻ ചൈനീസ് മന്ത്രി വരെ നേരിട്ടെത്തി. 1986 മുതൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി ഇന്റർനെറ്റിന്റെ ചെറുപതിപ്പായ ഇആർനെറ്റ് (എജ്യുക്കേഷൻ ആൻഡ് റിസർച് നെറ്റ്‌വർക്) ഉണ്ടായിരുന്നെങ്കിലും പൊതുജനങ്ങൾക്കു വേണ്ടി 1995 ഓഗസ്റ്റിലാണ് 5 നഗരങ്ങളിൽ ഇന്റർനെറ്റ് എത്തുന്നത്. ടെലിഫോൺ ലൈനുകളുടെ കാര്യക്ഷമതയില്ലായ്മ, ഉയർന്ന ചാർജ്, മറ്റ് സാങ്കേതികതടസ്സങ്ങൾ എന്നിവയാണ് തുടക്കത്തിൽ തിരിച്ചടിയായത്.
ഇത് ഘട്ടംഘട്ടമായി പരിഹരിച്ചതിനു പിന്നാലെ വി എസ്എൻഎൽ തഴച്ചുവളർന്നു. 1998 ൽ ബിസിനസ്‌വീക്ക് മാസികയുടെ ഏഷ്യയിലെ 50 താരങ്ങളെന്ന പട്ടികയിൽ സിംഗൾ ഇടംപിടിച്ചു. അതേ ആഴ്ച തന്നെ രാഷ്ട്രീയ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പുറത്താക്കപ്പെട്ടു. 2ജി സ്‌പെക്ട്രം അഴിമതി ആരോപണങ്ങൾ പുറത്തുകൊണ്ടുവന്നതിലും സിംഗൾ നിർണായക പങ്കുവഹിച്ചു.


