- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്കും കോവിഡ് ടെസ്റ്റും മടങ്ങിവരുന്നു; പുതിയ രോഗികളുടെ എണ്ണത്തിൽ അപൂർവ വർദ്ധന ഉണ്ടായതോടെ നിയന്ത്രണങ്ങൾ തുടങ്ങാൻ ആലോചിച്ച് ബ്രിട്ടൻ; ഉറക്കം കെടുത്തി ഓമിക്രോണിന്റെ പുതിയ വകഭേദങ്ങൾ
ഇനിയൊരിക്കലും വേണ്ടി വരില്ലെന്ന് നമ്മളൊക്കെ വിചാരിച്ച കോവിഡ് നിയന്ത്രണങ്ങൾ ഓരോന്നായി തിരിച്ചു വന്നേക്കുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിൽ കോവിഡ് വ്യാപനം അസാമാന്യമാം വിധം വർദ്ധിക്കുകയും ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം അഭൂതപൂർവ്വമായി വർദ്ധിക്കുകയും ചെയ്തതോടെ നിയന്ത്രണങ്ങൾ തിരികെ കൊണ്ടു വരുന്നതിനെ കുറിച്ച് ബ്രിട്ടീഷ് സർക്കാർ ആലോചിക്കുകയാണ്. ഇതിന്റെ ആദ്യ പടിയായ വ്യാപകമായ കോവിഡ് പരിശോധനയും നിർബന്ധിത മാസ്‌ക് ധാരണവും ഉടൻ തിരിച്ചുവന്നേക്കുമെന്ന് ജൂനിയർ ഹെൽത്ത് മിനിസ്റ്റർ ലോർഡ് സയ്യദ് കമാൽ സൂചനകൾ നൽകി.
കോവിഡ് താണ്ഡവമാടിയ 2020 മുതൽ നിന്നുപോയ പല ചികിത്സകളും എൻ എച്ച് എസ് പുനരാരംഭിച്ചിരിക്കുകയാണ്. ശസ്ത്രക്രിയകൾ ഉൾപ്പടെയുള്ള പല ചികിത്സകളും അന്ന് മാറ്റി വെച്ചിരുന്നു. ജീവാപായം സംഭവിക്കാൻ ഇടയുള്ള കേസുകളിൽ നൽകുന്ന അടിയന്തര ചികിത്സകൾ മാത്രമായിരുന്നു, അക്കാലത്ത് നൽകിയിരുന്നത്. ഇപ്പോൾ മുടങ്ങിപ്പോയ ചികിത്സകൾ പൂർത്തിയാക്കുന്നതിൽ എൻ എച്ച് എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് വീണ്ടും കോവിഡ് തരംഗം ആഞ്ഞടിക്കുന്നത്. ഇത് ആരോഗ്യ മേഖലയുടെ മേൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്.
ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ജൂലായ് 4 ന് മാത്രം 1911 പേരായിരുന്നു കോവിഡ് ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടത്. ഈ നിലയിൽ മുൻപോട്ട് പോയാൽ, അടുത്തയാഴ്‌ച്ചയോടെ തന്നെ പ്രതിദിനം ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന കോവിഡ് രോഗികളുടേ എണ്ണം 2100 കടക്കും എന്നാണ് കരുതപ്പെടുന്നത്. ജനുവരിയിലെ തരംഗത്തിന്റെ മൂർദ്ധന്യാവസ്ഥയ്ക്ക് ശേഷം ഒരു ദിവസം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കോവിഡ് രോഗികളുടെ ഏറ്റവും ഉയർന്ന എണ്ണമാണിത്. കോവിഡ് വ്യാപനം തടയുന്നതിന് മാസ്‌ക് ധാരണം നിർബന്ധമാക്കാനുള്ള പദ്ധതി പല ആശുപത്രികളിലും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മാസ്‌ക് ധാരണത്തോടൊപ്പം പല ആശുപത്രികളിലും വരാന്ത പോലെ ആളുകൾ കൂടുന്നിടങ്ങളിൽ സാമൂഹ്യ അകലം പാലിക്കലും നിർബന്ധമാക്കിയിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ പ്രവേശനം നേടിയ കോവിഡ് രോഗികളിൽ 64 ശതമാനവും മറ്റ് ചികിത്സകൾക്കായി ആശുപത്രികളിൽ എത്തിയപ്പോൾ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ വ്യാപനം വർദ്ധിക്കുന്നുണ്ടെങ്കിലും, രോഗം ഗുരുതരമായ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രദർശിപ്പിക്കാത്ത അത്ര ദുർബലമായിരിക്കുന്നു എന്നൊരു വിലയിരുത്തലും ചിലർ നടത്തുന്നുണ്ട്.പല ആശുപത്രികളിലും ഇപ്പോൾ തന്നെ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യം നിലനിൽക്കുന്നു എന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയേക്കുമെന്നും എൻ എച്ച് എസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
എല്ലാ പ്രായക്കാരിലും ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായി മന്ത്രി പറഞ്ഞു. എന്നാൽ 75 വയസ്സിനു മുകളിൽ ഉള്ളവരാണ് പ്രധാനമായും ഐ സി യുവിൽ പ്രവേശിക്കപ്പെടുന്നത്. കോവിഡിനൊപ്പം ജീവിക്കുക ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, വലിയൊരു പരിധിവരെ അസാദ്ധ്യമാണെന്നു കൂടി തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ സാഹചര്യം.
മാസ്‌ക് ധാരണം നിർബന്ധമാക്കുകയും രോഗപരിശോധന പഴയതുപോലെ വ്യാപകമാക്കുകയും ചെയ്താൽ വലിയൊരു പരിധിവരെ രോഗവ്യാപനം തടയാൻ ആകുമെന്നാണ് ശാസ്ത്രലോകത്തെ ചില പ്രമുഖർ പറയുന്നത്. രോഗം കണ്ടെത്തിയവരുടെ സെൽഫ് ഐസൊലേഷൻ ഒരുപക്ഷെ അടുത്ത ഘട്ടത്തിൽ നിർബന്ധമാക്കിയേക്കും. അതേസമയം, 65 വയസ്സിനു മേലുള്ള എല്ലാവർക്കും അതുപോലെ16 നും 64 നും ഇടയിൽ പ്രായമുള്ള, മറ്റു രോഗങ്ങൾ ഉള്ളവർക്കും വരുന്ന ശരത്ക്കാലത്ത് ബൂസ്റ്റർ ഡൊസ് നൽകണമെന്ന ജോയിന്റ് കമ്മിറ്റി ഫോർ വാക്‌സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിലുള്ള വാക്‌സിനുകളേക്കാൾ അഞ്ചിരട്ടി ഫലക്ഷമമെന്ന് കമ്പനി അവകാശപ്പെടുന്ന പുതിയ വാക്‌സിന്റെ നിർമ്മാണം മോഡേണ ആരംഭിച്ചെങ്കിലും അത് വിപണിയിലിറങ്ങാൻ ഇനിയും കാലതാമസമെടുത്തേക്കും. അതുവരെ നിലവിലുള്ള വാക്‌സിനുകൾ തന്നെയായിരിക്കും നൽകുക. കോവിഡിനൊപ്പമുള്ള ജീവിതം തുടരുമ്പോൾ തന്നെ വ്യക്തി ജീവിതത്തിൽ ഇനിയും ചില നിയന്ത്രണങ്ങൾ ആവശ്യമായി വരും എന്നു തന്നെയാണ് ശാസ്ത്രലോകം നൽകുന്ന സൂചന. അത്തരം ചെറിയ നിയന്ത്രണങ്ങൾ ഇപ്പൊഴേ ആരംഭിച്ചാൽ ഒരു പക്ഷെ സമ്പദ്ഘടനയെ തകർക്കുന്ന മറ്റൊരു ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ടി വരില്ലെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
മറുനാടന് മലയാളി ബ്യൂറോ