മുളന്തുരുത്തി: മധുരത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയം 2020 ഇപ്പോൾ അതിന്റെ ഏറ്റവും ഭയനകവും ബീഭത്സവുമായ മുഖം വെളിവാക്കിക്കൊണ്ട് നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പതിറ്റാണ്ടുകളായി നിലനിന്നിരുന്ന 10പ്ലസ് ടു ഘടനക്ക് പകരം 5+3+3+ 4 എന്ന ഘടനയാണ് പുതിയ നയം മുന്നോട്ടുവയ്ക്കുന്നത്. മൂന്നുവയസ്സു മുതൽ എട്ട് വയസ്സു വരെ അതായത് രണ്ടാം ക്ലാസ്സു വരെ, പാഠ പുസ്തകമോ ഔപചാരിക അദ്ധ്യാപനമോ ഇല്ലാത്ത കളി മോഡലിലുള്ള ഡി.പി.ഇ.പി പഠനമാണ് ദേശീയ നയത്തിൽ അവതരിപ്പിക്കുന്നത്.

കേരളത്തിലെ സ്‌ക്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും അന്ത:സത്തയും തകർത്ത ഡി പി ഇ പി മോഡൽ ദേശീയ തലത്തിൽ നടപ്പിലാക്കിയാൽ അത് വിദ്യാഭ്യാസത്തെ തകർക്കാനുള്ള വിനാശ പദ്ധതിയായി തീരുമെന്ന് അഖിലേന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി (എ.ഐ.എസ്.ഇ.സി) സംസ്ഥാന പ്രസിഡണ്ട് പ്രൊഫ: ജോർജ് ജോസഫ് അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് മുളന്തുരുത്തി സ്റ്റീഫൻസൺ കോംപ്ലക്‌സ് ഹാളിൽ നടന്ന ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ഷരമാല ഒന്നാം പാഠപുസ്തകത്തിൽ അച്ചടിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസം നേടിയ നല്ലൊരു ശതമാനം കുട്ടികൾക്കും മലയാള ഭാഷ തെറ്റുകൂടാതെ എഴുതാൻ കഴിയാത്ത പരിതാപകരമായ സ്ഥിതിയാണ്.അക്ഷരമാല പാഠപുസ്തകങ്ങളിൽ അച്ചടിക്കണമെന്നും അക്ഷര പഠനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഭാഷാ സ്‌നേഹികൾക്കും സാംസ്കാരിക നായകർക്കും രംഗത്തിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഡി.പി.ഇ.പി മോഡൽ വിദ്യാഭ്യാസ പരിഷ്‌കാരം കേരളത്തിൽ സൃഷ്ടിച്ചതെന്ന് വിഷയാവതരണം നടത്തി സംസാരിച്ച ബ്രേക്ക് ത്രു സയൻസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്.ഹരികുമാർ അഭിപ്രായപ്പെട്ടു.
ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.ആർ.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.എ.സി. പീറ്റർ, സാബു വർഗ്ഗീസ്, കെ.സി.രാജു , അഞ്ജലി സുരേന്ദ്രൻ, കെ.ഒ. സുധീർ, ശിവദാസൻ സി.കെ, സി.എൻ. മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.