ഡാളസ്: നിരവധി തവണ നായയുടെ കടിയേറ്റതിനെ തുടർന്ന് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഡാളസ് ഒക്ലിഫ് ബ്ലഫ് മാൻ ഡ്രൈവിലുള്ള വീട്ടിൽ ശനിയാഴ്ച(ജൂലായ് 9) രാവിലെയായിരുന്നു സംഭവം.

പൊലീസിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് എത്തിചേർന്ന പൊലീസ് ദേഹമാസകലം കടിയേറ്റ് രക്തത്തിൽ കുളിച്ചു കിടന്നിരുന്ന കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മരിച്ച കുട്ടി ഫ്രീമാനായിരുന്നുവെന്ന് പിന്നീട് ഡാളസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അറിയിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

വീട്ടിൽ വളർത്തിയിരുന്ന നായാണ് ആക്രമിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. അടുത്തവീട്ടിൽ താമസിച്ചിരുന്ന പെനിങ്ടൺ സംഭവം പൊലീസിനോട് വിവരിക്കുമ്പോൾ കരയുകയായിരുന്നു. കുട്ടി അവിടെ തന്നെ മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനൽ ചില്ലുകൾ പൊട്ടിച്ചാണ് കുട്ടിയെ അവിടെ നിന്നും പുറത്തെടുത്തത്.

ഇതിനു മുമ്പും ഈ നായ്ക്കൽ മറ്റുള്ളവരെ ആക്രമിക്കുവാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

വീട്ടിൽ വളർത്തുന്ന നായ്ക്കൾ എപ്പോഴാണ് പ്രകോപിതരാകുക എന്ന് അറിയില്ലെന്നും, കുട്ടികളെ തനിച്ചാക്കി പുറത്തു പോകുന്നതു കുറ്റകരമാണെന്നും പൊലീസ് പറഞ്ഞു.