- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാവറയച്ചനെ തമസ്കരിക്കുന്നവർചരിത്രം പഠിക്കാത്ത നവോത്ഥാന വിരുദ്ധർ: അഡ്വ.വി സി.സെബാസ്റ്റ്യൻ
കൊച്ചി: വിശുദ്ധ ചാവറയച്ചന്റെ നവോത്ഥാന മുന്നേറ്റങ്ങളെ തമസ്‌കരിക്കുന്നവർ ചരിത്രം പഠിക്കാത്ത നവോത്ഥാന വിരുദ്ധരാണെന്നും ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്ത് പുതുതലമുറയിലേയ്ക്ക് തെറ്റായ ചിന്തകൾ ബോധപൂർവ്വം അടിച്ചേൽപ്പിച്ച് ഈ നാടിന്റെ നവോത്ഥാനചരിത്രത്തെ കളങ്കപ്പെടുത്താതെ പാഠപുസ്തകങ്ങളിൽ ചൂണ്ടിക്കാണിക്കുന്ന തെറ്റുകളിൽ തിരുത്തലുകൾ വരുത്തുവാൻ സർക്കാർ തയ്യാറാകണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ കേരളത്തിന്റെ നവോത്ഥാന നായകന്മാരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്ത് ചാവറയച്ചനെ ഉൾപ്പെടുത്താത്തത് ചോദിച്ചപ്പോൾ മറ്റ് രണ്ടുക്ലാസുകളിലെ പുസ്തകങ്ങളിൽ പരാമർശിക്കുന്നുണ്ടെന്നുള്ള ന്യായീകരണം ബാലിശമാണ്. കേരളത്തിന്റെ നവോത്ഥാന നായകരുടെ കൂട്ടത്തിൽനിന്ന് ചാവറയച്ചനെ ബോധപൂർവ്വം ഒഴിവാക്കാൻ ശ്രമിച്ചത് ഏറെ ദുഃഖകരമാണ്.
കേരളത്തിൽ നവോത്ഥാനത്തിന് വഴിയൊരുക്കിയത് വിദ്യാഭ്യാസ മുന്നേറ്റമാണ്. 1806ൽ വില്യം തോബിയാസ് റിംഗിൽട്ടേവ് എന്ന ജർമ്മൻ മിഷനറി നാഗർകോവിലിനുസമീപമുള്ള മൈലാടിയിൽ വേദമാണിക്യത്തിന്റെ വീട്ടുമുറ്റത്ത് സവർണ്ണർക്കുമാത്രമുണ്ടായിരുന്ന വിദ്യാഭ്യാസപരിശീലനത്തെ വെല്ലുവിളിച്ച് പൊതുവിദ്യാലയം ആരംഭിച്ച് എല്ലാവിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കുവാൻ അവസരമൊരുക്കിയ വിപ്ലവകരമായ സാമൂഹ്യമാറ്റം പലരും മറക്കുന്നു. 1817ൽ തിരുവിതാംകൂർ ഗവൺമെന്റ് സവർണ്ണർക്കായി സ്‌കൂളുകൾ ആരംഭിച്ചപ്പോൾ ലണ്ടൻ മിഷനറി സൊസൈറ്റി തെക്കൻ തിരുവിതാംകൂറിലും ചർച്ച് മിഷൻ സൊസൈറ്റി മധ്യതിരുവിതാംകൂറിലും റാഫേൽ അർകാൻഹൽ എന്ന മിഷനറിയുടെ നേതൃത്വത്തിൽ വടക്കൻ തിരുവിതാംകൂറിലും നടത്തിയ വിദ്യാഭ്യാസ മുന്നേറ്റമാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ ആരംഭം. അന്നൊന്നും ഇന്ന് നവോത്ഥാന കുത്തക അവകാശമുന്നയിക്കുന്ന സമുദായ സംഘടനകളോ വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ജന്മമെടുത്തിട്ടില്ലന്നുള്ളത് പൊതുസമൂഹം തിരിച്ചറിയണം.
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ നെഞ്ചുനിവർത്തിനിന്ന് പടവെട്ടിയ നവോത്ഥാന നായകനാണ് ചാവറയച്ചൻ. അറിവിന്റെ വെളിച്ചം പകർന്നവരെ നിരന്തരം നിന്ദിക്കുകയല്ല സ്വന്തം മനസാക്ഷിയോട് ചോദിച്ചിട്ട് വന്ദിക്കുകയാണ് മാന്യതയുടെ ലക്ഷണം. തീണ്ടലിനും തൊടീലിനുമെതിരെ നടന്ന പ്രക്ഷോഭങ്ങൾ, മാറു മറയ്ക്കാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള ചാന്നാർ ലഹള, തൊഴിലവകാശത്തിനും ന്യായമായ കൂലിക്കുംവേണ്ടി നടന്ന പുലയലഹള, ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള മുന്നേറ്റം, വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം, പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ, തുടങ്ങിയ സാമൂഹിക മാറ്റങ്ങൾക്ക് ഈ മണ്ണിൽ തുടക്കം കുറിച്ചത് ക്രൈസ്തവ സമൂഹവും ഫലവത്താക്കിയത് ആദർശശുദ്ധിയും മാനുഷിക കാഴ്ചപ്പാടുമുള്ള ചാവറയച്ചനുൾപ്പെടെയുള്ള നവോത്ഥാന നായകരുമാണെന്നിരിക്കെ ചരിത്രം വളച്ചൊടിച്ച് ജനങ്ങളെ വിഢികളാക്കുവാൻ ശ്രമിക്കുന്നവർ വരുംനാളുകളിൽ സ്വയം അവഹേളനം ഏറ്റുവാങ്ങുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.