ടി നൂറിൻ ഷെരീഫിനെതിരെ സാന്റാക്രൂസ് സിനിമയുടെ നിർമ്മാതാക്കൾ. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികളിൽ നൂറിൻ സഹകരിക്കുന്നില്ലെന്നും ഫോൺ വിളിച്ചാലും സന്ദേശമയച്ചാലും പ്രതികരിക്കുന്നില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രാജുഗോപി ചിറ്റേത്ത് പറഞ്ഞു.

സിനിമയ്ക്ക് കരാറായപ്പോൾ നൂറിൻ ചോദിച്ച പണം മുഴുവൻ നൽകിയതാണ്. പ്രമോഷന് വരാമെന്ന് ഏറ്റതുമാണ്. ഒരു വാക്ക് ആ കുട്ടി പറഞ്ഞാൽ ആളുകൾ തിയേറ്ററിൽ കയറില്ലേ. പത്ത് രൂപ വാങ്ങിക്കുമ്പോൾ രണ്ട് രൂപയുടെ ജോലി എടുക്കേണ്ടതല്ലേ. അതല്ലേ മനസാക്ഷി. ഫോൺ വിളിച്ചാൽ പ്രതികരണമില്ല. മെസേജിന് മറുപടിയില്ല. എന്റെ മകളുടെ പ്രായമേയുള്ളൂ. എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത് എന്ന് നൂറിൻ ചോദിച്ചു.'- രാജു ഗോപി ചിറ്റേത്ത് പറഞ്ഞു. നൂറിൻ ഇല്ലാത്തിന്റെ പേരിൽ പല പരിപാടികളും നഷ്ടമായതായി സംവിധായകൻ സംവിധായകൻ ജോൺസൺ ജോൺ ഫെർണാണ്ടസ് പറഞ്ഞു.

'നിർമ്മാതാവ് ഒടിടിക്ക് എതിരല്ല. അദ്ദേഹത്തിന്റെ വേദനയാണ് അന്ന് പറഞ്ഞത്. ഒരു പുതുമുഖത്തെ വച്ച് സിനിമ ചെയ്യാൻ ആര് രംഗത്ത് വരും. സിനിമയുടെ റിലീസിന്റെ തലേ ദിവസമുള്ള വാർത്താസമ്മേളനത്തിൽ നൂറിനെതിരേ സംസാരിക്കേണ്ടെന്ന് ഞാനാണ് പറഞ്ഞത്. പക്ഷേ ഇപ്പോൾ പറയാതെ പറ്റില്ല. നൂറിനില്ലാത്തതുകൊണ്ട് ഒരു ചാനൽ പ്രോഗ്രാം എടുത്തിട്ടും അവർ ഒഴിവാക്കി. അവരെ കുറ്റപ്പെടുത്തുന്നതല്ല. അവർക്ക് അതുകൊണ്ട് കാര്യമില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. നൂറിൻ ഉണ്ടെങ്കിൽ സ്ലോട്ട് തരാമെന്നാണ് അവർ പറയുന്നത്. എല്ലാവരും നൂറിനെക്കുറിച്ചാണ് ചോദിക്കുന്നത്. ഈ സിനിമയിൽ അധികം പ്രശസ്തരില്ല. പിന്നെയുള്ളത് അജു വർഗീസ് ആണ്. അദ്ദേഹം ഗസ്റ്റ് റോൾ ആണ്. ഇന്ദ്രൻസ് ചേട്ടനൊക്കെ എപ്പോൾ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തത്‌കൊണ്ടാണ്'- സംവിധായകൻ പറഞ്ഞു.