- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിലെ ബോട്ടപകടം; മരിച്ച മൂന്നാമത്തെ മലയാളിയുടെ മൃതദേഹവും കണ്ടെത്തി
കൊച്ചി: കാനഡയിലെ ആൽബർട്ടയിൽ ബോട്ടപകടത്തിൽപ്പെട്ട് മരിച്ച മൂന്നാമത്തെ മലയാളിയുടെ മൃതദേഹവും കണ്ടെത്തി. ചാലക്കുടി അതിരപ്പിള്ളി മാവേലിൽ ലിയോ മാവേലി(41)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ രണ്ടു യുവാക്കൾ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ലിയോയുടെ മൃതദേഹം കണ്ടെടുക്കാനായിരുന്നില്ല.
സംഘത്തിലുണ്ടായിരുന്ന തൃശൂർ സ്വദേശി ജിജോ ജോഷി രക്ഷപ്പെട്ടിരുന്നു. വീക്കെൻഡ് ആഘോഷിക്കാനായി സുഹൃത്തുക്കൾ ചേർന്നുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടം. മലയാറ്റൂർ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിൻ ഷാജി (21) എന്നിവരാണ് മരിച്ചത്. സംഘത്തിൽ നീന്തൽ അറിയുന്നവരായിരുന്നു മരിച്ച മൂന്നു പേരും. രക്ഷപെട്ട ജിജോ ജോഷിക്ക് നീന്തൽ അറിയില്ലാത്തതിനാൽ ഇവർ രക്ഷപെടുത്താൻ ശ്രമിച്ചതായി പറയുന്നു. ജിജോയെ ഒരുവിധത്തിൽ കരയ്ക്കു കയറ്റാനായെങ്കിലും മറ്റു മൂന്നു പേർക്കും ജീവൻ നഷ്ടമായി.
കാനഡയിലെ ബാൻഫ് നാഷനൽ പാർക്കിലെ കാന്മോർ സ്‌പ്രേ തടാകത്തിൽ ഞായറാഴ്ച രാവിലെ 10.30 ന് (ഇന്ത്യൻ സമയം രാത്രി 10.00 ) ആയിരുന്നു അപകടം. ജിയോയുടെ സ്വന്തം ബോട്ടിൽ മീൻപിടിക്കുന്നതിനായി പോയതായിരുന്നു നാലംഗ സംഘം. ഇവർ സാധാരണ ഇത്തരത്തിൽ ഉല്ലാസ യാത്ര പോകുന്ന പതിവുണ്ടെന്നു പറയുന്നു. കടുത്ത തണുപ്പായതിനാലാണ് രക്ഷപെടാൻ സാധിക്കാതെ പോയതെന്നു പറയുന്നു.