രിടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനായ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ചിത്രത്തിലെ ഒരു ഡയലോഗ് വിവാദമായിരുന്നു. സിനിമയിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള നായകന്റെ ഡയലോഗാണ് വിവാദമായത്. പിന്നാലെ സംവിധായകനും പൃഥ്വിരാജും മാപ്പുപറയുകയും ചിത്രത്തിൽ നിന്നും ഡയലോഗ് നീക്കം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ ഷാജി കൈലാസിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം നരസിംഹത്തിലെ ഡയലോഗും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.

'വെള്ളമടിച്ചു കോൺ തിരിഞ്ഞു പാതിരാത്രി വീട്ടിൽ വന്നു കേറുമ്പോൾ ചെരുപ്പൂരി കാലു മടക്കി ചുമ്മാ തൊഴിക്കാനും, തുലാവർഷരാത്രികളിൽ ഒരു പുതപ്പിനടിയിൽ കെട്ടി പിടിച്ചു സ്‌നേഹിക്കാനും, എന്റെ കുഞ്ഞുകളെ പെറ്റു പോറ്റാനും, ഒടുവിൽ ഒരു നാൾ വടിയായി തെക്കേ പറമ്പിലെ പുളിയന്മാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോൾ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം..' എന്നുപറഞ്ഞാണ് ഇന്ദുചൂഡൻ തന്റെ നായികയെ പ്രൊപ്പോസ് ചെയ്യുന്നത്. പൊളിറ്റിക്കൽ കറക്ട്‌നസ് ഉയർത്തി കാട്ടി ഈ ഡയലോഗ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

എന്നാൽ, അത് സ്‌നേഹത്തോടെ പറയുന്ന ഡയലോഗ് ആണെന്നും അതിൽ സ്ത്രീവിരുദ്ധത കാണേണ്ടെന്നുമാണ് ഷാജി കൈലാസ് പറഞ്ഞത്. ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിലാണ് നരസിംഹത്തിലെ പൊളിറ്റിക്കൽ കറക്ടനസിനെപ്പറ്റി ഷാജി കൈലാസ് പറഞ്ഞത്. '2000ത്തിൽ പുറത്തുവന്ന ചിത്രമാണത്. അന്നൊന്നും ഒരു പൊളിറ്റിക്കൽ കറക്റ്റ്നെസും ആരും പറഞ്ഞിട്ടില്ല. കാരണം നമുക്ക് ഇഷ്ടമാണത്. ഒരു പെൺകുട്ടിയെ അത്രയും സ്നേഹിക്കുമ്പോഴാണ് ആ കുട്ടിയോട് എന്തും പറയുന്നത്. അവിടെ ഒരു മറവില്ല.' എന്നാണ് ഷാജി കൈലാസ് പറഞ്ഞത്.

അത്രയും സ്നേഹത്തോടെയാണ് ആ ഡയലോഗ് പറയുന്നത്. ഒരിക്കലും സ്ത്രീവിരുദ്ധത അവിടെ കാണരുത്. സ്നേഹമാണ് അവിടെ കൊടുക്കുന്നത്. എനിക്കൊരു പെണ്ണിനെ വേണമെന്ന് പറയുമ്പോൾ ഞാൻ ഉണ്ടെടാ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന സംഗതിയാണ്. ഇഷ്ടപ്പെട്ട കുട്ടിയോടല്ലേ പറയാൻ പറ്റുകയുള്ളൂവെന്നും ഷാജി കൈലാസ് ചോദിക്കുന്നു. ഒരിക്കലും ഉപദ്രവിക്കാൻ വേണ്ടി പറയുന്നതല്ലെന്നും അത്രത്തോളം സന്തോഷത്തോടെ ജീവിതം കൊണ്ടുപോകാമെന്നാണ് പറയുന്നതെന്നും അല്ലാതെ വേറൊരു ആങ്കിളിൽ കാണരുതെന്നും ഷാജി കൈലാസ് പറഞ്ഞു.