- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആ എട്ടു വയസ്സുകാരിക്ക് നീതി; പിങ്ക് പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നും 1,75,000 രൂപ ഈടാക്കാൻ കോടതി ഉത്തരവ്: പെൺകുട്ടിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
തിരുവനന്തപുരം: എട്ടു വയസുകാരിയായ പെൺകുട്ടിയെയും പിതാവിനെയും നടുറോഡിൽ പരസ്യ വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് 1,50,000 രൂപയും കോടതി ചെലവുകൾക്കായി 25,000 രൂപയും ഈടാക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് നിലപാട് എടുത്തതോടെയാണ് ഹൈക്കോടതി പൊലീസ് ഉദ്യോഗസ്ഥയോട് നഷ്ടപരിഹാരം നല്കാൻ ആവശ്യപ്പെട്ടത്. .
കുട്ടിയെയും പിതാവിനേയും അവഹേളിച്ചതിന് പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ഈ തുക പൊലീസ് ഉദ്യോഗസ്ഥയിൽനിന്ന് ഈടാക്കുമെന്ന് ഉത്തരവിൽ പറയുന്നു. കുട്ടിക്കു നഷ്ടപരിഹാരം നൽകണമെന്നും പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിനിർത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. പൈൺകുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നയിരിന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി.
എന്നാൽ ഈ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് സർക്കാർ അപ്പീൽ നൽകി. പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാമെന്നും ഈ തുക ഉദ്യോസ്ഥയിൽനിന്ന് ഈടാക്കാൻ അനുവദിക്കണമെന്നും സർക്കാർ പിന്നീട് കോടതിയിൽ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ നിലപാട് എടുക്കുകയായിരുന്നു.
പിങ്ക് പൊലീസിന്റെ ജീപ്പിലെ ബാഗിൽ നിന്നു പൊലീസുകാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നാട്ടുകാരുടെ മുന്നിൽ ആക്ഷേപിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തതെന്നാണ് കേസ്. നടുറോഡിൽ പെൺകുട്ടിയെ വിചാരണ ചെയ്ത വനിതാ പൊലീസ്, അച്ഛനെയും മകളെയും സ്റ്റേഷനിൽ കൊണ്ടുപോയി ദേഹപരിശോധന നടത്തുമെന്നും ഭീഷണിപ്പെടുത്തി. കുട്ടിയെയും കൊണ്ട് മോഷ്ടിക്കാനിറങ്ങിയതാണെന്നു പിതാവിനു നേരെ ആരോപണം ഉയർത്തി.
പൊലീസുകാരിയുടെ മൊബൈൽ ഫോൺ പിന്നീട് ബാഗിൽനിന്നു തന്നെ കണ്ടു കിട്ടി. തുടർന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ്, പെൺകുട്ടിക്കു സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരിയായ രജിത എന്ന പൊലീസുകാരിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ