പുണെ: ഓൺലൈൻ ആപ്പിലൂടെ 3500 രൂപ ലോണെടുത്ത് മലയാളി യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് തട്ടിപ്പു സംഘം. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ 25കാരിയായ യുവതിയാണ് കെണിയിൽ വീണത്. പുണെ സ്വദേശിനിയായ മലയാളി യുവതിയുടെ മോർഫ് ചെയ്ത അശ്‌ളീലചിത്രങ്ങൾ പ്രചരിപ്പിച്ചും ഭീക്ഷണി സന്ദേശങ്ങൾ അയച്ചും ഓൺലൈൻ വായ്പാതട്ടിപ്പ് സംഘം വൻ ആക്രമണമാണ് പെൺകുട്ടിക്ക് നേരെ നടത്തുന്നത്.

ആത്മഹത്യയുടെ വക്കിലെത്തിയ യുവതി പുണെ കൈരളി ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ എം വി പരമേശ്വരന്റെ സഹായത്തോടെ പൊലീസിൽ പരാതിനൽകി.കഴിഞ്ഞമാസമാണ് പുണെയിൽ താമസിക്കുന്ന 25-കാരിയായ യുവതി ഹാൻഡി ലോൺ എന്ന മൊബൈൽ ആപ്പ് വഴി 3500 രൂപ വായ്പയെടുത്തത്. ഇതിൽ 2100 രൂപ തിരിച്ചടച്ചു. ബാക്കി തുക അടയ്ക്കാൻ വൈകിയതിനെ തുടർന്നാണ് ലോൺ കമ്പനിക്കാർ പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

ഏഴോളം മൊബൈൽ നമ്പറുകളിൽനിന്ന് യുവതിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺവിളികളും സന്ദേശങ്ങളും വന്നുതുടങ്ങി. ആപ്പിലൂടെ യുവതിയുടെ മൊബൈൽ കോൺടാക്ട്സിലേക്കും ആക്‌സസ് കിട്ടിയ തട്ടിപ്പുസംഘം കോൺടാക്ട് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും കൂടാതെ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലെ സുഹൃത്തുകൾക്കും യുവതിയുടെ മോർഫ് ചെയ്ത അശ്‌ളീല ചിത്രങ്ങൾ അയച്ചുതുടങ്ങി.

മാനസികമായി തകർന്ന യുവതി കൈരളി ചെയർമാൻ പരമേശ്വരനെ ബന്ധപ്പെടുകയും തുടർന്ന് ഇവർ പുണെ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. ജനുവരിയിൽ പുണെയിൽ ഓൺലൈൻ ലോൺ കമ്പനിക്കാരുടെ ഭീക്ഷണിയെ തുടർന്ന് കണ്ണൂർ സ്വദേശിയായ 22-കാരൻ ആത്മഹത്യചെയ്തിരുന്നു. ഏപ്രിൽ മാസത്തിൽ വിശ്രാന്തവാടിയിൽ താമസിക്കുന്ന ഒരു മലയാളി യുവാവും ഓൺലൈൻ ലോൺ കമ്പനിക്കാരുടെ തട്ടിപ്പിന് ഇരയായിരുന്നു.