കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും ശമ്പളത്തോടെ അവധി ലഭ്യമാക്കുന്ന പുതിയ സിക്ക് ലീവ് നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം. പുതിയ വ്യവസ്ഥകൾ പ്രകാരം ഈ വിഭാഗം ജീവനക്കാർക്ക് ഇനി മുതൽ സിക്ക് ലീവ് ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങും.

നേരെത്തെ ഏറെ ചർച്ചകൾ നടക്കുകയും ജനപ്രിയം എന്ന വിശേഷണം ഇതിനകം നേടുകയും ചെയ്ത സർക്കാർ പദ്ധതിയാണിത്. നാല് വർഷം കൊണ്ടാണ് പദ്ധതി പൂർണ്ണതയിലെത്തുന്നത്. അതായത് നാല് വർഷം കഴിഞ്ഞാൽ ഒരു ജീവനക്കാരന് ഒരു വർഷം 10 ദിവസം ശമ്പളത്തോട് കൂടിയ സിക്ക് ലീവ് ലഭിക്കും.

ആദ്യ വർഷം രണ്ട് ദിവസമാകും ലഭിക്കുക. രണ്ടാം വർഷം ഇത് അഞ്ച് ദിവസവും മൂന്നാം വർഷം ഇത് ഏഴ് ദിവസവും നാലാം വർഷം പത്ത് ദിവസവുമാകും സിക്ക് ലീവ് ലഭിക്കുക. അതായത് 2027 മുതൽ അയർലണ്ടിൽ ഒരു ജീവനക്കാരന് വർഷം 10 ദിവസം സിക്ക് ലീവ് ലഭിക്കും. പ്രതിദിന ശമ്പളത്തിന്റെ 70 ശതമാനമാകും സിക്ക് ലീവ് ദിവസങ്ങളിൽ ലഭിക്കുക. ഇത് പരമാവധി 110 യൂറോ വരെയാണ്.

13 ആഴ്ചയെങ്കിലും തുടർച്ചയായി ജോലി ചെയ്ത ജീവനക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തോടെ ഈ ആനുകൂല്യം സ്വന്തമാക്കാം. തൊഴിലുടമയിൽ നിന്നുമുള്ള സിക്ക് ലീവ് തീർന്നാൽ ആവശ്യമുള്ള ജീവനക്കാർക്ക് പി ആർ എസ് ഐ കോൺട്രിബ്യൂഷന് അനുസരിച്ച് സാമൂഹിക സുരക്ഷാ വകുപ്പിൽ നിന്നും സിക്ക് ലീവ് ആനുകൂല്യങ്ങൾ നേടാനാകും. ആദ്യ വർഷം മൂന്ന്, രണ്ടാം വർഷം അഞ്ച്, നാലാം വർഷം പത്ത് ദിവസം വരെ എന്നിങ്ങനെയാണ് സിക്ക് ലീവുകൾ ലഭിക്കുക.

ഭാവിയിൽ.ഈ നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്നും പുതിയ നിയമത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ സിക്ക് ലീവ് സംബന്ധിച്ച് കൃത്യമായ മാനദണ്ഡമില്ലാതിരുന്ന രാജ്യമായിരുന്നു അയർലണ്ട്. ഇതോടെ അയർലണ്ടിലെ തൊഴിൽ വിപണി കൂടുതൽ ആകർഷകമാകുമെന്നാണ് വിലയിരുത്തൽ.