മുംബൈ: വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ ഇടം ലഭിച്ച മലയാളി താരം സഞ്ജു സാംസണെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയില്ല. ശസ്ത്രക്രിയയ്ക്കു ശേഷം മടങ്ങിയെത്തിയ കെ.എൽ. രാഹുലും അശ്വിനും 18 അംഗ ടീമിലുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയും പേസർ ഉംറാൻ മാലിക്കും ട്വന്റി20 ടീമിലില്ല. സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിനും ബുമ്രയ്ക്കും വിശ്രമം അനുവദിച്ചു. രാഹുലിന്റെയും കുൽദീപ് യാദവിന്റെയും കാര്യത്തിൽ ഫിറ്റ്‌നസ് കൂടി പരിശോധിച്ചശേഷമായിരിക്കും തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു.

വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ദിനേഷ് കാർത്തിക്ക് എന്നിവർ ടീമിലുണ്ട്. അയർലൻഡിനെതിരെ സെഞ്ചറി നേടിയ ദീപക് ഹൂഡയും കളിക്കും. ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണു മധ്യനിരയിലെ ബാറ്റർമാർ. അഞ്ച് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുക. ജൂലൈ 29ന് പരമ്പര തുടങ്ങും.

തന്നെ വിൻഡീസ് പര്യടനത്തിനുള്ള ട്വന്റി 20 ടീമിലേക്ക് പരിഗണിക്കരുതെന്ന് കോലി സെല്കറ്റർമാരോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. നേരത്തെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്നും കോലിയെ മാറ്റിയിരുന്നു. അടുത്തകാലത്ത് ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച ജസ്പ്രിത് ബുമ്ര ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിശ്രമം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.

അശ്വിൻ കഴിഞ്ഞ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. എന്നാൽ ജനുവരിക്ക് ശേഷം വൈറ്റ്ബോളിൽ അശ്വിൻ കളിച്ചിട്ടില്ല. മറ്റൊരു ലോകകപ്പ് അടുത്തിരിക്കെ താരത്തെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്ന കുൽദീപ് യാദവ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്നു. എന്നാൽ പരിക്ക് കാരണംകളിക്കാൻ കഴിഞ്ഞില്ല.

പരിക്കിന് ശേഷം കെ എൽ രാഹുൽ നാഷണൽ ക്രിക്കറ്റ് അക്കാദമയിൽ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ക്യാപ്റ്റനാവേണ്ടിയിരുന്നത് രാഹുലായിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് പിന്മാറേണ്ടി വന്നു. ജർമനിയിൽ നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് രാഹുൽ തിരിച്ചെത്തുന്നത്.

ഇന്ത്യൻ ടീം രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്ക്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ആർ. അശ്വിൻ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്.