കോട്ടയം: കോമ്പൗണ്ട് റബറിന്റെ അനിയന്ത്രിത ഇറക്കുമതിയിലൂടെ പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവിപണി അട്ടിമറിച്ച് തകർക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്രസർക്കാർ ഇടപെടൽ നടത്തണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

വ്യവസായികളുടെ ഈ നീക്കത്തിനുപിന്നിൽ റബർബോർഡിന്റെ അംഗീകാരവും ഒത്താശയുമുണ്ടെന്ന് കഴിഞ്ഞ കാലങ്ങളിലെ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി കണക്കുകൾ വ്യക്തമാക്കുന്നു. 2013-14ൽ 430 കോടിയുടെ 26655 ടൺ കോമ്പൗണ്ട് റബർ മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ 2021-22 ലിത് 1569 കോടിയുടെ 114636 ടണ്ണായി വർദ്ധിച്ചു. 2022 ജൂലൈ മാസം മാത്രം 30000 ടൺ ഇറക്കുമതിയിലൂടെ ആഭ്യന്തര സ്വാഭാവിക റബർ വിപണിവിലയിടിക്കുവാനുള്ള നീക്കം കേരളത്തിലെ റബർ കർഷകർക്ക് വലിയ പ്രഹരമായിരിക്കും. ഇതിന്റെ തെളിവാണ് മഴമൂലം ടാപ്പിങ് നിലച്ചിട്ടും കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായുണ്ടായ വിലത്തകർച്ച.

ആഭ്യന്തര ഉല്പാദനം കുറഞ്ഞിട്ടും വിലയുയർത്താതെ ഗുണനിലവാരമില്ലാത്ത റബർ ഇറക്കുമതി നടത്തുവാൻ കേന്ദ്രസർക്കാർ ഏജൻസികൾതന്നെ കൂട്ടുനിൽക്കുന്നത് ശരിയായ പ്രവണതയല്ല. പ്രകൃതിദത്ത ഉണക്ക റബറിന്റെ ഇറക്കുമതിച്ചുങ്കം 25 ശതമാനമാണെന്നിരിക്കെ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനം മാത്രമേയുള്ളത് വ്യവസായികൾക്ക് നേട്ടമുണ്ടാക്കുമ്പോൾ സർക്കാരിന് നികുതി വരുമാനത്തിലും വലിയ ഇടിവുണ്ടാകുമെന്നതും വ്യക്തമാണ്. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം വർദ്ധിപ്പിച്ചതുകൊണ്ട് പ്രശ്നപരിഹാരമാവില്ലെന്നും നിലവാരം കുറഞ്ഞ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുവാൻ അടിയന്തര നടപടിയാണ് വേണ്ടതെന്നും ഇത്തരം നടപടികൾക്ക് റബർബോർഡ് കൂട്ടുനിൽക്കുന്നത് കർഷകദ്രോഹമാണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.