ചെന്നൈ: ഉറങ്ങിക്കിടന്ന മൂന്നര വയസ്സുകാരിയെ ഫ്‌ളാറ്റിൽ ഒറ്റയ്ക്കാക്കി മാതാപിതാക്കൾ പുറത്തുപോയ സമയത്ത് അഞ്ചാം നിലയിൽനിന്ന് വീണ് ദാരുണാന്ത്യം. പൂനാംമല്ലിയിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിക്കുന്ന എ.രവിയുടെ മകൾ വിൻസിയ അദിതിയെയാണ് അഞ്ചാം നിലയിലെ ഫ്‌ളാറ്റിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

ഫ്‌ളാറ്റിനു മുൻവശത്തെ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ ഒരു വഴി യാത്രികനാണ് കുട്ടിയെ കണ്ടത്. ഇയാൾ ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരനോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് ഇരുവരും കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കളും അയൽക്കാരും ഓടിയെത്തി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അഞ്ചാം നിലയിലെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽനിന്നാണ് കുട്ടി വീണതെന്നു പൊലീസ് പറയുന്നു. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് പെൺകുട്ടി ബാൽക്കണിയിൽനിന്ന് വീണത്. കുട്ടിയുടെ പിതാവ് എ.രവി മുനിസിപ്പാലിറ്റിയിലെ റവന്യൂ അസിസ്റ്റന്റാണ്.

എട്ടു വയസ്സുള്ള മകനെ ഫുട്ബോൾ പരിശീലനത്തിനു കൊണ്ടുപോകാനായി ഇദ്ദേഹം രാവിലെ ഫ്‌ളാറ്റിൽനിന്ന് പോയിരുന്നു. പിന്നാലെ രാവിലെ 6.15ഓടെ കുട്ടിയുടെ അമ്മ സിന്ധിയ ഹെറിൻ പ്രഭാതസവാരിക്കായും ഫ്‌ളാറ്റിൽനിന്ന് ഇറങ്ങി. ഈ സമയത്തെല്ലാം മൂന്നര വയസ്സുകാരി അദിതി ഉറങ്ങുകയായിരുന്നു.

എന്നാൽ, ഉറക്കമുണർന്ന പെൺകുട്ടി മാതാപിതാക്കളെ കാണാതിരുന്നതോടെ ഫ്‌ളാറ്റിന്റെ ബാൽക്കണിയിലേക്കു വരികയായിരുന്നു. തുടർന്ന് ബാൽക്കണിയിലെ കസേരയിൽ കയറിയെന്നും ഇതിനിടെ താഴേക്കു വീഴുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.