- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോർഡ്സിൽ ഇന്ത്യ - ഇംഗ്ലണ്ട് മത്സരം കാണാൻ സച്ചിൻ, ഗാംഗുലി, ധോനി എന്നിവർ; ചിത്രങ്ങൾ പങ്കുവച്ച് ബിസിസിഐ; ഏറ്റെടുത്ത് ആരാധകർ

ലണ്ടൻ: ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മൈതാനങ്ങളിലൊന്നാണ് ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലണ്ടനിലെ ലോർഡ്സ്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയവും നാറ്റ്‌വെസ്റ്റ് ട്രോഫി വിജയവുമെല്ലാം പിറന്ന ഈ മൈതാനത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ രണ്ടാം ഏകദിന മത്സരത്തിന് ഇറങ്ങിയപ്പോൾ ചില വിശിഷ്ട അതിഥികളും ഗാലറിയിൽ കളി കാണാൻ എത്തിയിരുന്നു.
ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ലോർഡ്സ് മൈതാനം ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ കേന്ദ്രമായത് മുൻ താരങ്ങളാണ്. ഇന്ത്യ - ഇംഗ്ലണ്ട് മത്സരം കാണാൻ ഇന്ത്യയുടെ നിരവധി മുൻ താരങ്ങളാണ് ലോർഡ്സിൽ എത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, മുൻ നായകൻ എം.എസ് ധോനി, സുരേഷ് റെയ്ന, ഹർഭജൻ സിങ് എന്നിവരെല്ലാം ലോർഡ്സിൽ കളികാണാനെത്തി.
ഇവരുടെ ചിത്രങ്ങൾ ബിസിസിഐയും ചെന്നൈ സൂപ്പർ കിങ്സ് ഫ്രാഞ്ചൈസിയും തങ്ങളുടെ ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. വൈകാതെ തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
അതേസമയം രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ട് 49 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. 10 ഓവറിൽ 47 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യയ്ക്കായി ബൗളിങ്ങിൽ തിളങ്ങിയത്. ബുംറ, ഹാർദിക് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന മുൻ നായകൻ വിരാട് കോലിക്ക് പിന്തുണയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ രംഗത്ത് എത്തിയിരുന്നു. ഏത് താരത്തിന്റെയും കരിയറിൽ തിരിച്ചടികളുണ്ടാകും. അതെല്ലാം മറികടന്ന് കരുത്തോടെ തിരിച്ചുവരാൻ കോലിക്ക് കഴിയുമെന്നും ഗാംഗുലി പറഞ്ഞു.
നിലവിലെ ഫോമിൽ ടി20 ലോകകപ്പിനുള്ള ടീമിൽ കോലിക്ക് സ്ഥാനം നൽകണോ എന്ന് പോലും ചോദിക്കുന്നവരുമുണ്ട്. ഈ വിവാദങ്ങൾക്കിടെയാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ സൗരവ് ഗാംഗുലി കോലിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇതിഹാസ താരം സച്ചിനും ദ്രാവിഡും താനുമൊക്കെ ഫോം ഔട്ടായിട്ടുണ്ടെന്നും പറഞ്ഞ ഗാംഗുലി എന്തൊക്കെയായാലും കോലി അതിശക്തമായി തിരിച്ചുവരുമെന്നും ഫോം വീണ്ടെടുക്കുമെന്നും വ്യക്തമാക്കി.


