അയോധ്യ: അയോധ്യയിലെ സരയു നദിയിലൂടെ സാഹസികമായി ബൈക്ക് ഓടിച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ യുവാവ് പിടിച്ച ഒരു പുലിവാലാണ് വാർത്തകളിൽ നിറയുന്നത്. നദിയിലൂടെ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് കർശന നടപടിയുമായി ഉത്തർ പ്രദേശ് പൊലീസ് രംഗത്ത് എത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നതിന് വേണ്ടി വാഹനം ഉപയോഗിച്ചുള്ള യുവാക്കളുടെ ഇത്തരം അഭ്യാസങ്ങൾ പലപ്പോഴും അവസാനിക്കുന്നത് വലിയ അപകടങ്ങളിലുമാണ്.

ഉത്തർപ്രദേശിലെ അയോധ്യ സരയു നദിയിലൂടെയാണ് യുവാവ് സാഹസികമായി ബൈക്ക് ഓടിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയനായത്. വാഹനത്തിന്റെ ടാങ്കിന്റെ ലെവലിലെ വെള്ളത്തിലൂടെ ഷർട്ട് പോലുമിടാതെയാണ് യുവാവിന്റെ ബൈക്ക് അഭ്യാസം. നിരവധി ആളുകൾ നദിയിൽ കുളിക്കുന്നതിന് ഇടയിലൂടെയാണ് ഇയാൾ ബൈക്ക് ഓടിച്ച് കളിക്കുന്നത്. ഈ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നയാൾ എടുത്ത വീഡിയോയാണ് സമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത്. നിയമവിരുദ്ധമാണ് അയാളുടെ പ്രവർത്തിയെന്നും ആളുകൾ അഭിപ്രായപ്പെട്ടിരുന്നു.

വീഡിയോ വൈറലായതോടെ അയോധ്യ പൊലീസ് വിഷയത്തിന്റെ ഗൗരവം തിരിച്ചറിയുകയും ബൈക്ക് ഓടിച്ചയാളിനെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു. വസ്ത്രം ധരിക്കാതെ നദിക്കുള്ളിൽ വാഹനമോടിച്ച് കളിച്ചതിനാണ് പൊലീസ് ഇയാൾക്കെതിരേ ചെലാൻ നൽകിയിരിക്കുന്നത്. ബൈക്ക് അഭ്യാസം, ഹൈൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കൽ, അധികൃതരുടെ നിർദ്ദേശം അനുസരിക്കാതെയുള്ള പ്രവൃത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വാഹനം ഉപയോഗിച്ചുള്ള നിയമലംഘനങ്ങൾക്ക് കേസെടുത്തതിന് പിന്നാലെ ഈ യുവാവ് പൊലീസിനൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് പൊലീസ് പ്രതികരിച്ചിട്ടില്ല. അയോധ്യയിലെ പുണ്യനദിയായി പരിഗണിക്കുന്ന ഒന്നാണ് സരയു നദി. നിരവധി ആളുകളാണ് ഈ നദിയിൽ കുളിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ കോണുകളിൽ അയോധ്യയിലേക്ക് എത്തുന്നത്.